തിരുവനന്തപുരം : തലസ്ഥാനത്ത് സെക്രട്ടറിയേറ്റില്‍ കോവിഡ് പകരുന്നു. ധനകാര്യ വകുപ്പിലാണ് കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ സെക്രട്ടറിയേറ്റ് ക്യാമ്പസില്‍ കോവിഡ് രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഫൈനാന്‍സ് സെക്രട്ടറിയേറ്റ് എംപ്ലോയിസ് കോണ്‍ഗ്രസ് കത്ത് അയച്ചു. അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
കത്തിന്റെ പൂര്‍ണ്ണരൂപം
ഗവ. സെക്രട്ടറിയറ്റ് ധനകാര്യ (ഡെവലപ്പ്മെന്റ് ഹാളിലെ) ജീവനക്കാര്‍ക്ക് വ്യാപകമായി കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലും അത് സെക്രട്ടറിയറ്റ് ക്യാമ്പസില്‍ അതിവേഗം പടരുന്ന സാഹചര്യത്തിലും രോഗവ്യാപനം തടയുന്നതിന് താഴെ പറയുന്ന അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഫൈനാന്‍സ് സെക്രട്ടറിയറ്റ് എംപ്ലോയീസ് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിക്കുന്നു.
1. സെക്രട്ടറിയറ്റ് ക്യാമ്പസില്‍ അടിയന്തിരമായി സമ്പൂര്‍ണ്ണ അണുനശീകരണത്തിന് നടപടികള്‍ സ്വീകരിക്കുക.
2. കോവിഡ് 19 വ്യാപകമായി സ്ഥിരീകരിക്കപ്പെട്ട ധനകാര്യ ഡെവലപ്പ്മെന്റ് ഹാള്‍ അടുത്ത ഒരാഴ്ചത്തേക്കു കൂടി പൂര്‍ണമായി അടച്ചിടുക.
3. സെക്രട്ടറിയറ്റ് ക്യാമ്പസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആന്റിജന്‍ ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക.
4. ക്യാമ്പസില്‍ കോവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ 50% ഹാജര്‍ ഉറപ്പു വരുത്തി പരമാവധി വര്‍ക്ക് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തുക.
മേല്‍ വിഷയങ്ങളില്‍ അടിയന്തിരവും അനുഭാവപൂര്‍ണ്ണവുമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് ഫൈനാന്‍സ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിക്കുന്നത്.