തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താനായി കേന്ദ്രസംഘം ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തും. എന്‍എസ്ഡിസി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണെത്തുന്നത്. ആറംഗ സംഘം വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തും. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പകുതിയും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വിദഗ്ദ്ധ സന്ദര്‍ശനം. നേരത്തെ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസാരിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തില്‍ അടുത്ത മൂന്നാഴ്ച കൂടുതല്‍ ജാഗ്രത ആവശ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം എന്ന സൂചനയില്ല. രണ്ടാം തരംഗത്തിന്റെ ഭാഗമായി തന്നെ കേരളത്തില്‍ നിലവിലെ രീതിയില്‍ രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്. പരമാവധി കൊവിഡ് കേസുകള്‍ കണ്ടെത്താനാണ് ശ്രമം. ഇതിനായി കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതീക്ഷിച്ചത് പോലെയുള്ള കണക്കുകള്‍ തന്നെയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നത്. ഡെല്‍റ്റ വകഭേദം തന്നെയാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നത്. ടി.പി.ആര്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ മികച്ച രീതിയിലാണ് വാക്‌സീനേഷന്‍ നല്‍കുന്നത്. ഗുരുതര രോഗികളുടെ എണ്ണം കുറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണം കുറയുന്നതും ആശ്വാസകരമാണ്.
പ്രതിരോധ സംവിധാനം ശക്തമായത് കൊണ്ടാണ് കുറച്ച് പേര്‍ക്ക് രോഗം വന്ന് പോയത്. ഓണക്കാലം വളരെ പ്രധാനപ്പെട്ട സമയമാണ്. കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ചടങ്ങുകള്‍ പറ്റുമെങ്കില്‍ ഒഴിവാക്കുക. അതല്ലെങ്കില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുക. കോണ്ടാക്ട് ട്രേസിങ് ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.