കൊച്ചി : കേരളത്തിലേക്ക് തിരികെ വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സർക്കാർ തീരുമാനത്തിനെതിരേ വിവിധ പ്രവാസി സംഘടനകൾ ഉൾപ്പെടെ സമർപ്പിച്ച ഹർജിയിൽ വാദം തുടരുകയാണ്.
രോഗവ്യാപനം തടയാനാണ് തീരുമാനമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് വിമാനത്തിൽ സഞ്ചരിക്കുന്നത് രോഗത്തിന്റെ വ്യാപ്തി കൂടാൻ കാരണമാകുന്നു. അതിനാലാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. എന്നാൽ ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്ന് നിർബന്ധമില്ലെന്നും റാപ്പിഡ് ടെസ്റ്റെങ്കിലും നടത്തിയാൽ മതിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പുറത്തുനിന്ന് വരുന്നവരിലെ രോഗവ്യാപനത്തിന്റെ കണക്ക് ഉൾപ്പെടെയാണ് സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ 0.22 ശതമാനം മാത്രമാണ് കോവിഡ് പോസിറ്റീവാകുന്നതെന്നും അതേസമയം പ്രവാസികളിൽ അത് 1.22 ശതമാനമാണെന്നും സർക്കാർ പറയുന്നു.