മുംബൈ : രാജ്യത്തെ കോവിഡ് പ്രതിസന്ധിക്ക് അടിയന്തിരമായി പരിഹാരം കാണാൻ ടെസ്റ്റിങ് കൂട്ടേണ്ടതുണ്ട്. എന്നാൽ നിലവിലെ ടെസ്റ്റിങ് സംവിധാനങ്ങളെല്ലാം ഏറെ സമയമെടുക്കുന്നുണ്ട്. ഇതിനു പരിഹാരം കാണാൻ ഇസ്രയേൽ സാങ്കേതികവിദ്യ ഇന്ത്യയിലും നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഇസ്രയേലിൽ നിന്നുള്ള വിദഗ്ധരെ ഇന്ത്യയിലെത്തിക്കാൻ നീക്കം നടത്തുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്.
ഇസ്രയേലിൽ നിന്നുള്ള വിദഗ്ധ സംഘത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ മെയ് 6 ന് തന്നെ റിലയൻസ് കേന്ദ്ര സർക്കാരിനോട് പ്രത്യേക അനുമതി തേടിയിരുന്നു. അതിവേഗത്തിലുള്ള കോവിഡ്-19 ടെസ്റ്റിങ് സംവിധാനങ്ങൾ റിലയൻസ് ടീമിനെ പരിശീലിപ്പിക്കാനും ടെക്നോളജി ഇൻസ്റ്റാൾ ചെയ്യാനും ഇസ്രേയേൽ വിദഗ്ധരുടെ സഹായം ആവശ്യമാണ്. ഇതിനായി നേരത്തെ തന്നെ ഇസ്രയേലി സ്റ്റാർട്ട്അപ്പുമായി റിലയൻസ് 15 ദശലക്ഷം ഡോളറിന്റെ കാരാറിലെത്തിയിരുന്നു.
റിലയൻസിന്റെ അഭ്യർഥനപ്രകാരം ബ്രീത്ത് ഓഫ് ഹെൽത്തിലെ (BOH) പ്രതിനിധി സംഘത്തിന് ഇതിനകം തന്നെ ഇസ്രയേൽ സർക്കാരിൽ നിന്ന് അടിയന്തിര അനുമതി ലഭിച്ചിട്ടുണ്ട്. ഇവർക്ക് ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിക്കാനാകുമെന്നാണ് കരുതുന്നത്. ആഗോളതലത്തിൽ കോവിഡ് -19 കേസുകൾ വർധിക്കുന്നതിനിടയിൽ ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച് ഇസ്രയേലി മെഡിക്കൽ ടെക്നോളജി കമ്പനിയിലെ വിദഗ്ധർ ഇന്ത്യയിലെ റിലയൻസ് ടീമിനെ പരിശീലിപ്പിക്കും. ഈ സംവിധാനം ഉപയോഗിച്ച് ആദ്യഘട്ടത്തിൽ തന്നെ കോവിഡ് രോഗികളെ ശ്വസനത്തിലൂടെ തിരിച്ചറിയാൻ കഴിയും. ഇതിന്റെ ഫലങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാകുകയും ചെയ്യും.
95 ശതമാനത്തിലധികം വിജയനിരക്കിൽ കോവിഡ്-19 നെ ശ്വസന പരിശോധന സംവിധാനം തിരിച്ചറിയുന്നുവെന്ന് ബിഒഎച്ച് അവകാശപ്പെടുന്നു. ഇസ്രയേലി ആശുപത്രികളായ ഹദസ്സ മെഡിക്കൽ സെന്റർ, ടെൽ ഹാഷോമറിലെ ഷെബ മെഡിക്കൽ സെന്റർ എന്നിവയുമായി നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലങ്ങൾ ഏതെങ്കിലും പിസിആർ പരിശോധനയുമായി താരതമ്യം ചെയ്യുമ്പോൾ 98 ശതമാനം വിജയശതമാനം കാണിക്കുന്നുണ്ട്.
ഉപകരണങ്ങൾ ഇതിനകം ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. ഇതിന്റെ പ്രവർത്തനം ഇന്ത്യയെ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ സഹായിക്കുമെന്നുമാണ് കരുതുന്നത്. ടീമിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ഈ ടെസ്റ്റിങ് സംവിധാനം നിരീക്ഷിക്കുന്നതിനായി ഇസ്രയേൽ സഹ ആരോഗ്യമന്ത്രി യോവ് കിഷ് വടക്കൻ ഇസ്രയേലി നഗരമായ റെഹോവോട്ടിലെ ബിഒഎച്ച് ലബോറട്ടറികൾ സന്ദർശിച്ചു.