പള്ളുരുത്തി : കോവിഡ് ബാധിച്ച് ഒരു മാസത്തെ ക്വാറന്റീന് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ വീട്ടമ്മയുടെ പരിശോധന ഫലം വീണ്ടും പോസിറ്റിവ്. സംശയത്തെ തുടര്‍ന്ന് മറ്റൊരു ലാബില്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവും. പള്ളുരുത്തി നമ്പ്യാപുരം റോഡിനു സമീപം താമസിക്കുന്ന കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്.
ചൊവ്വാഴ്ചയാണ് പള്ളുരുത്തി മരുന്നു കടയിലെ സ്വകാര്യ പരിശോധന കേന്ദ്രത്തില്‍ ഇവര്‍ ആന്റിജന്‍ പരിശോധന നടത്തിയത്. 15 മിനിറ്റിനകം സ്ഥാപനത്തില്‍ നിന്നും റിസല്‍ട്ട് ലഭിച്ചപ്പോള്‍ പോസിറ്റിവ് എന്ന അറിയിപ്പാണ് വീട്ടുകാരെ ഞെട്ടിച്ചത്. വീട്ടമ്മയുടെ ഭര്‍ത്താവ് ലാബിലെത്തി കാര്യം പറഞ്ഞെങ്കിലും ഇവര്‍ അഭിപ്രായത്തില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് തോപ്പുംപടിയിലെ ലാബിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാവുകയായിരുന്നു. ഈ പരിശോധനാ ഫലം നെഗറ്റീവായതോടെ ആശ്വാസമായതായി വീട്ടമ്മ പറഞ്ഞു.
രണ്ടാമത്തെ പരിശോധന ഫലവുമായി പള്ളുരുത്തിയിലെ ലാബിലെത്തിയപ്പോള്‍ വീട്ടമ്മയുടെ ഭര്‍ത്താവിനു നേരെ തട്ടിക്കയറിയെന്നും ലാബ് ഉടമ പള്ളുരുത്തി പോലീസില്‍ വ്യാജ പരാതി നല്കി ഇദ്ദേഹത്തെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനില്‍ നിര്‍ത്തി പീഡിപ്പിച്ചതായും പറയുന്നു. ഉന്നത രാഷ്ട്രീയ നേതാവിന്റെ കൂട്ടാളിയുടെ പങ്കാളിത്തത്തിലാണ് പള്ളുരുത്തിയിലെ ലാബ് പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്കാന് ഒരുങ്ങുകയാണ് കുടുംബം.