പത്തനംതിട്ട : യു.എ.ഇ യില്‍ നിന്നെത്തിയ തിരുവല്ല ഇടിഞ്ഞില്ലം സ്വദേശി പി.ടി ജോഷി മരിക്കാനിടയായത് വിദഗ്ദ്ധ ചികിത്സ യഥാസമയം ലഭ്യമാക്കാതിരുന്നതിനാലാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ജോഷിക്ക് പ്രമേഹരോഗം ഉണ്ടായിരുന്നു എന്ന ആരോഗ്യ മന്ത്രിയുടേയും ജില്ലാ ഭരണകൂടത്തിന്‍റെയും പ്രഖ്യാപനം തെറ്റാണെന്ന് ജോഷിയുടെ സഹോദരന്‍ പറഞ്ഞിട്ടുണ്ട്. ജോഷി ഒരു അസുഖത്തിനും മരുന്നു കഴിച്ചിരുന്നില്ല.
മെയ് 16 ന് വിദേശത്തു പോകുന്നതിനു മുമ്പ് നടത്തിയ പരിശോധനയിലും വിദേശത്തു ചെന്നശേഷം നടത്തിയ പരിശോധനയിലും ജോഷിക്ക് പ്രമേഹം ഇല്ലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് പ്രമേഹം സ്ഥിരീകരിച്ചത്. ജോഷിയുടെ കുടുംബത്തിന്‍റെ കയ്യില്‍ നിന്നും ചികിത്സക്ക് ഒരു ലക്ഷം രൂപക്ക് മേല്‍ ചിലവായി. ചികിത്സക്ക് ചിലവായ പണം തിരിച്ചു നല്‍കണം. കോവിഡ് ചികിത്സ സൗജന്യമാണെന്നുള്ള സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് ജോഷിയുടെ കുടുംബത്തിനുണ്ടായ അനുഭവം തെളിയിക്കുന്നു. പത്തനംതിട്ടയിലെ ഹോട്ടലുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ കയ്യില്‍ നിന്നും സേവനങ്ങള്‍ക്ക് പണം ഈടാക്കുന്നതായും ബാബു ജോര്‍ജ്ജ് ആരോപിച്ചു. ക്വാറന്‍റൈനില്‍ കഴിയുന്ന പ്രവാസികളോട് ശത്രുതാപരമായ സമീപനമാണ് സര്‍ക്കാര്‍ സ്വികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.