തിരുവനന്തപുരം : തിരുവനന്തപുരത്ത് വാക്സിൻ ക്ഷാമത്തെ തുടർന്ന് വാക്സിനേഷൻ കേന്ദ്രങ്ങൾ പൂട്ടി. 131 ഓളം വാക്സിനേഷൻ കേന്ദ്രങ്ങളാണ് പൂട്ടിയത്. ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷൻ ക്യാമ്പും പൂട്ടി. ഇതേ തുടർന്ന് കുത്തിവെയ്പ് എടുക്കാൻ എത്തിയവർ വാക്സിൻ സ്വീകരിക്കാതെ മടങ്ങി.
ഒരു മാസത്തിനുള്ളിൽ 45 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകാനായിരുന്നു തീരുമാനം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ചെറുതും വലുതുമായ വാക്സിനേഷൻ ക്യാമ്പുകൾ പുരോഗമിക്കുന്നതിനിടെയാണ് വാക്സിൻ ക്ഷാമം വീണ്ടും രൂക്ഷമായത്. തിരുവനന്തപുരത്തിന് പുറമേ നാല് ജില്ലകളിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ മുടങ്ങി.
കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇന്ന് വൈകുന്നേരത്തോടെ വാക്സിൻ എത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.