ന്യൂഡൽഹി : രണ്ടുമുതൽ 18 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് വാക്സിൻ വിതരണം ഘട്ടം ഘട്ടമായി നടപ്പാക്കാൻ ആലോചന. 12 മുതൽ 18 വയസ്സുവരെയുള്ളവർക്കാണ് ആദ്യം നൽകുക. തുടർന്ന് അഞ്ചു വയസ്സു മുതൽ 11 വയസ്സ് വരെയുള്ളവർക്ക് നൽകും. അതിനുശേഷം മാത്രമാകും രോഗസാധ്യത കുറവുള്ള രണ്ടുമുതൽ നാലു വയസ്സുകാർക്ക് നൽകുക. ഇങ്ങനെ മൂന്ന് ഘട്ടങ്ങളിലായി വാക്സിൻ വിതരണം നടപ്പാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്. എന്നാൽ പലവിധ രോഗങ്ങളുള്ള കുട്ടികൾക്കും രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികൾക്കും പ്രായപരിധിയില്ലാതെ വാക്സിൻ നൽകും.
കുട്ടികൾക്ക് ഭാരത് ബയോടെകിന്റെ കോവാക്സിൻ നൽകാനുള്ള ശുപാർശ ഡ്രഗ് കൺട്രോൾ ബ്യൂറോയുടെ വിദഗ്ധ പരിശോധനയിലാണ്. വാക്സിന്റെ ലഭ്യതയും കുട്ടികളുടെ വാക്സിൻ വിതരണത്തിന്റെ പ്രധാന ഘടകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കുട്ടികൾക്ക് മരുന്ന് നൽകാൻ തീരുമാനമെടുത്താൽ രാജ്യത്ത് വാക്സിനായുള്ള ആവശ്യം കുത്തനെ വർധിക്കും. ആവശ്യം വർധിക്കുന്നതനുസരിച്ച് വാക്സിൻ ലഭ്യത ഉറപ്പിച്ചില്ലെങ്കിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ ക്ഷാമമുണ്ടാകും. ഇതൊഴിവാക്കാനാണ് ഘട്ടംഘട്ടമായി വാക്സിൻ നൽകാൻ പദ്ധതിയിടുന്നത്. വാക്സിൻ അനുമതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസുമായും ആരോഗ്യമന്ത്രാലയവുമായും ഡി.സി.ജി.ഐ. ചർച്ച നടത്തും. പ്രായപൂർത്തിയായവർക്ക് വാക്സിൻ നൽകുന്നതിനും സമാനമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നു.