പത്തനംതിട്ട : കോഴഞ്ചേരി പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടന്ന വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ജനങ്ങളുടെ വന്‍ തിരക്ക്. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ എത്തിയവരുടെ തിരക്കുമൂലം കോവിഡ് വ്യാപിക്കുമോ എന്ന ആശങ്കയാണ് ജനങ്ങള്‍ക്ക്.
വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ അധികൃതര്‍ വിമുഖത കാണിച്ചതാണ് കാരണം. ഇതുമൂലം പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായി. തൊട്ടുരുമ്മി നിന്നവരില്‍ കോവിഡ് ബാധിതരുണ്ടോ എന്നും സംശയമുണ്ട്. ഇതില്‍ കോവിഡ് ബാധിതരുണ്ടെങ്കില്‍ മറ്റുള്ളവരിലേക്കും കോവിഡ് പടരാന്‍ സാധ്യത കൂടുതലാണ്.
രാവിലെ ഒമ്പതിന് വാക്‌സിന്‍ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും സമരയത്ത് തുടങ്ങാനായില്ല. ഇതും ആളുകളുടെ തിരക്ക് കൂടുവാന്‍ കാരണമായി. വാക്‌സിനായി എത്തുന്നവര്‍ക്ക് കൂടുതല്‍ കൗണ്ടറുകള്‍ ക്രമീകരിച്ചിരുന്നെങ്കില്‍ തിരക്ക് ഒഴിവാക്കാമായിരുന്നു. ആരോഗ്യവകുപ്പും ത്രിതല പഞ്ചായത്തും കാട്ടുന്ന അനാസ്ഥ രോഗം പരത്താന്‍ കാരണമാകുമെന്ന് പരക്കെ ആക്ഷേപമുണ്ട്.