പത്തനംതിട്ട : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്സിന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കോവിഡ്, വാക്സിനേഷന്‍ എന്നിവയുടെ ജില്ലയിലെ സ്ഥിതി അവലോകനം ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന തിക്കും തിരക്കും ഒഴിവാക്കാനാണ് കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം പരമാവധി നൂറായി നിജപ്പെടുത്തിയത്. ജില്ലയില്‍ കോവിഡ് വാക്സിന്‍ ലഭ്യത കുറവുള്ള സാഹചര്യമായതിനാല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ രണ്ടാം ഡോസ് വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്സിന്‍ എടുക്കാന്‍ അവസരമുള്ളത്. അവര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച കേന്ദ്രവുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം രണ്ടാം ഡോസ് വാക്സിന്‍ എടുക്കുക. ആദ്യ ഡോസ് വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ക്ക് ഒണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാത്രമാണുള്ളത്, സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകില്ല.