ഹൈദരാബാദ് : വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ആന്ധ്രാപ്രദേശ്. ഒറ്റ ദിവസം ഏറ്റവും കൂടുതൽ പേർക്ക് വാക്സീൻ നൽകുന്ന സംസ്ഥാനമെന്ന റെക്കോർഡാണ് ആന്ധ്ര സ്വന്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് എട്ടു വരെയുള്ള കണക്കുകൾ പ്രകാരം ഒറ്റദിവസം 13 ലക്ഷം പേർക്കാണ് വാക്സീൻ ലഭിച്ചത്.
മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ രാത്രി ഒൻപതു വരെ നീണ്ടുനിന്ന മെഗാ വാക്സീൻ യജ്ഞത്തിന്റെ ഭാഗമായാണ് ആന്ധ്ര ഇത്രയധികം ആളുകൾക്ക് സമയബന്ധിതമായി വാക്സീൻ ലഭ്യമാക്കിയത്. ഇതോടെ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു.
13 ജില്ലകളിലെ 2000 കേന്ദ്രങ്ങളിലായി ഞായറാഴ്ച രാവിലെ ആറു മുതലാണ് മെഗാ വാക്‌സിനേഷന്‍ ആരംഭിച്ചത്. ആരോഗ്യപ്രവർത്തകരുടെയും കോവിഡ് വൊളന്റീയർമാരുടെയും സഹകരണമാണ് ഈ യജ്ഞം വിജയിപ്പിച്ചതെന്ന് സർക്കാർ പറഞ്ഞു. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാർക്കും മുൻഗണന നൽകിയാണ് വാക്സിനേഷൻ നടന്നത്.