ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വാക്‌സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി. ഇനി മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സൗജന്യ വാക്‌സിന്റെ വിതരണം ജൂണ്‍ 21 മുതല്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പുതുതായി രണ്ട് വാക്‌സീന്‍ കൂടി വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവില്‍ ഏഴ് കമ്പിനികള്‍ വാക്‌സീനുകള്‍ നിര്‍മ്മിക്കുന്നുണ്ട്. നേസല്‍ വാക്‌സീന്‍ – മൂക്കിലൂടെ നല്‍കുന്ന വാക്‌സീനും വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെ ആവശ്യം മറ്റെങ്ങുമില്ലാത്ത വിധം വര്‍ധിച്ചു. ഓക്സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടികളാണ് സ്വീകരിച്ചത്. രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ഉത്പാദനം പത്തിരിട്ടായാക്കി വര്‍ധിപ്പിച്ചു.
കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ രാജ്യം നേരിട്ട ഏറ്റവും വിനാശകാരിയായ മഹാമാരിയാണ് കോവിഡെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം അതിനെ അതിശക്തമായി ഒറ്റക്കെട്ടായി നേരിടുകയാണ്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു. കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് പുറകിലല്ലെന്ന് തെളിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് നേരിടാനുള്ള ഏറ്റവും വലിയ ആയുധമാണ് കോവിഡ് പ്രോട്ടോക്കോള്‍. കോവിഡിനെതിരെയുള്ള സുരക്ഷാ കവചമാണ് വാക്സിന്‍. ലോകത്ത് വാക്സിന്‍ നിര്‍മ്മാണം കുറവാണ്. ഒരു വര്‍ഷത്തിനിടെയാണ് ഇന്ത്യ 2 വാക്സിന്‍ പുറത്തിറക്കിയത്. ഇന്ത്യന്‍ കമ്പിനികള്‍ ഇല്ലായിരുന്നെങ്കില്‍ ലോകത്തിന്റെ സ്ഥിതി എന്താകുമായിരുന്നു.? വാക്സിനേഷന്‍ 60 ശതമാനത്തില്‍ നിന്ന് 90 ശതമാനമാക്കി. ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്ന് പുറകിലല്ലെന്ന് തെളിയിച്ചു. 23 കോടി വാക്സിന്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.