ഭോപ്പാല്‍ : ഒറ്റ സിറിഞ്ച് ഉപയോഗിച്ച് 30 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തെന്ന് പരാതി. മധ്യപ്രദേശിലെ സാഗറിലുള്ള ജെയിന്‍ പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവമുണ്ടായത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള സിറിഞ്ചുപയോഗിച്ചാണ് മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ നല്‍കിയതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
വകുപ്പ് മേധാവി ആവശ്യപ്പെട്ടത് പോലെ മാത്രമേ ചെയ്തിട്ടുള്ളുവെന്നും തനിക്ക് മറ്റൊന്നും അറിയില്ലെന്നുമാണ് വാക്സിനേറ്ററായ ജിതേന്ദ്ര പ്രതികരിച്ചത്. കുത്തിവയ്പ്പിനുള്ള മരുന്നും ഒരു സിറിഞ്ചും മാത്രമാണ് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നല്‍കിയതെന്നും. ഒരു സിറിഞ്ചോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നാണ് മറുപടി ലഭിച്ചതെന്നും ജിതേന്ദ്ര പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു സൂചി, ഒരു സിറിഞ്ച്, ഒറ്റത്തവണ മാത്രം’ എന്ന പ്രതിജ്ഞ പ്രഥമദൃഷ്ട്യാ നഴ്സ് ലംഘിച്ചുവെന്നും നടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
1990 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന സിറിഞ്ചുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എച്ച്‌ഐവി വ്യാപനത്തിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ഈ തീരുമാനം കൈക്കൊണ്ടത്. വാക്സിനും മറ്റും എത്തിക്കുന്ന ചുമതലയുണ്ടായിരുന്ന ജില്ലാ ഇമ്യുണൈസേഷന്‍ ഓഫിസര്‍ക്കെതിരെയും വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.