ന്യൂഡല്‍ഹി: സാധാരണ ജനങ്ങളിലേക്ക് കൊവിഡ് വാക്‌സിന്‍ എത്താന്‍ 2022 വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഇന്ത്യന്‍ വിപണിയില്‍ കൊവിഡ് വാക്‌സിന്‍ എളുപ്പത്തില്‍ ലഭ്യമാകാന്‍ ഒരു വര്‍ഷത്തിലേറെ സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് ഡോ. രണ്‍ദീപ്.
‘നമ്മുടെ രാജ്യത്തെ ജനസംഖ്യ വളരെ കൂടുതലാണ്. ഫല്‍ വാക്‌സിന്‍ ഒക്കെ ലഭിക്കുന്നതുപോലെ കോവിഡ് പ്രതിരോധമരുന്ന് വിപണിയില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന രീതിയില്‍ എത്തിക്കാന്‍ നമുക്ക് സമയം വേണം’, അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ ആദ്യത്തെ ലക്ഷ്യം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും മരുന്ന് എത്തിക്കാനായിരിക്കുമെന്നും രണ്‍ദീപ് പറഞ്ഞു. ‘ വേണ്ടത്ര സിറിഞ്ചും സൂചികളും ഉറപ്പാക്കി ഉള്‍പ്രദേശങ്ങളില്‍ വരെ തടസ്സമില്ലാതെ വാക്‌സിന്‍ വിതരണം ഉറപ്പാക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇങ്ങനെയൊരു സാഹചര്യത്തില്‍ ആര്‍ക്ക് ഏത് വാക്‌സിന്‍ ആണ് നല്‍കേണ്ടതെന്ന് നിശ്ചയിക്കണം, കോഴ്‌സ് കറക്ഷന്‍ എത്തരത്തില്‍ സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കണം. മുന്നോട്ടുപോകുമ്പോള്‍ ഇത്തരം പല കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ലഭ്യമായാലും കൊറോണ വൈറസ് ഇല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.