ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ പുറത്തിറങ്ങിയാല്‍ ആശുപത്രി ജീവനക്കാരും നേഴ്സുമാരും സഹകരിക്കുകയാണെങ്കില്‍ ഒരു മാസം കൊണ്ട് ഡല്‍ഹിയിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാനാകുമെന്ന് പ്രതിരോധ കുത്തിവെപ്പ് ചുമതലയുള്ള ഓഫീസര്‍ സുരേഷ് സേത്ത്.
കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ 600 ശീതീകരണ കേന്ദ്രങ്ങളും 1800 ഔട്ട് റീച്ച് സൈറ്റുകളും നമുക്കുണ്ട്. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കേണ്ട വാക്‌സിനുകള്‍ക്കും മൈനസ് 15 മുതല്‍ മൈനസ് 25 ഡിഗ്രി സെല്‍ഷ്യസ് വരെ സൂക്ഷിക്കേണ്ട വാക്സിനുകള്‍ക്കും ആവശ്യമായ സംവിധാനങ്ങള്‍ ഡല്‍ഹിയിലുണ്ട്. ഇതിനായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ട വാക്സിനുകള്‍ക്കുള്ള ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഇല്ല, എന്നാല്‍ വാക്സിനേഷന്‍ ഘട്ടംഘട്ടമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ മുന്‍ഗണനാ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്.