ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നീ വാക്സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുക. രണ്ടാംഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്കും 50 വയസിന് താഴെ രോഗങ്ങളുള്ളവര്‍ക്കുമാണ് നല്‍കുന്നത്. ഏതാണ്ട് 27 കോടിയോളം പേര്‍ക്കാണ് ഇത്തരത്തില്‍ വാക്സിന് നല്‍കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കോവിന്‍ ആപ്പ് ഉപയോഗിച്ചാണ് ഏറ്റവും വലിയ വാക്സിന് ഡ്രൈവ് നിയന്ത്രിക്കുക. വാക്സിന് നല്‍കുന്നവര്‍ക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ നല്‍കുന്നതാണ്.