തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യം തന്നെയായിരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ . ആ നിലപാടില്‍ മാറ്റമില്ല. വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി സംസ്ഥാനത്തിന് നല്‍കിയാല്‍ അത് നല്ലതായിരിക്കും. പണമീടാക്കിയാലും കേരളത്തില്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് വാക്‌സിന്‍റെ കൂടുതല്‍ ഷെയറിന് അര്‍ഹതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ അത് തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വാക്‌സിന്‍ സംസ്ഥാനത്ത് എത്തിയാല്‍ ഏറ്റവും അടുത്തദിവസം തന്നെ വിതരണം ചെയ്യും. വാക്‌സിന്‍ നല്‍കേണ്ടവരെ സംബന്ധിച്ച മുന്‍ഗണനാ പട്ടിക തയ്യാറായിട്ടുണ്ട്. ഐസിഎംആര്‍ ഗൈഡ് ലൈന്‍ അനുസരിച്ചായിരിക്കും വാക്‌സിന്‍ വിതരണമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കേണ്ടത്. പിന്നീടുള്ളത് 60 വയസിന് മുകളില്‍ പ്രായമുള്ളവരിലും അനുബന്ധ രോഗമുള്ളവരിലുമാണ്. വാക്‌സിന്‍ എത്തി കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങളുടെ പരിശീലനമാണ് ഡ്രൈ റണ്‍ കൊണ്ട് ഉദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒരു സ്ഥലത്ത് നിന്ന് മറ്റു സ്ഥലത്തേക്ക് എത്തിക്കുന്നതെങ്ങനെ, നല്‍കേണ്ട അളവ്, എങ്ങനെ സ്റ്റോര്‍ ചെയ്യാം, ആളുകളുടെ തെരഞ്ഞെടുക്കല്‍. തുടങ്ങിയവയാണിത്. അതാണ് നാളെ സംസ്ഥാനത്ത് നടക്കാന്‍ പോകുന്നതെന്നും മന്ത്രി അറിയിച്ചു. കോവിഡിന്റെ അതിതീവ്ര വൈറസിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. രോഗം ബാധിച്ച എല്ലാവരെയും സര്‍ക്കാര്‍ സൗജന്യമായി തന്നെ ചികിത്സിക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.