തിരുവനന്തപുരം : ജനുവരി ആദ്യം സംസ്ഥാനത്ത് കോവിഡ് വാക്സിൻ എത്തിച്ചേക്കും. ഒക്സ്‌ഫഡ് സർവകലാശാലയുടെ കോവിഷീൽഡിനും ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് സാധ്യതയെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. കോവിഷീൽഡിനാണ് കൂടുതൽ സാധ്യത. ഇന്ത്യയിൽ പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് നിർമിക്കുന്നത്. വാക്സിൻ സ്വീകരിക്കേണ്ടവരുടെ മുൻഗണനാപട്ടികയിൽ കൂടുതൽ പേരുള്ളതിനാൽ വാക്സിൻ തുടക്കത്തിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. സർക്കാർ മേഖലയിൽ 13,190 വാക്‌സിനേഷൻ പോയിന്റ് രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ വിവരശേഖരണവും പൂർത്തിയാകുന്നു. പൊതുജനങ്ങൾക്ക് കുത്തിവയ്‌പ് എടുക്കാൻ 6870 ആരോഗ്യപ്രവർത്തകരുടെ വിവരം ശേഖരിച്ചു.
സ്വകാര്യമേഖലയിലെ നേഴ്‌സുമാരെയും പ്രയോജനപ്പെടുത്തും. വാക്‌സിൻ നൽകേണ്ട മുൻഗണനാപട്ടികയിലുള്ള ആരോഗ്യപ്രവർത്തകരുടെ വിവരശേഖരണം പൂർത്തിയായി. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവരുടെ പട്ടിക തയ്യാറാക്കുന്നു. മെഡിക്കൽ വിദ്യാർഥികൾക്കും ആദ്യഘട്ടത്തിൽ നൽകും.
വാക്സിനും വിതരണ നടപടിക്രമവും തീരുമാനിക്കുന്നത് കേന്ദ്ര സർക്കാറിന്‍റെ വിദഗ്ധസമിതിയാണ്. വാക്സിൻ വിതരണത്തിനുമുമ്പ് കേന്ദ്രം നടത്തുന്ന മോക്‌ഡ്രിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കും. ആന്ധ്രപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, അസം സംസ്ഥാനങ്ങളിൽ രണ്ടു ജില്ലയിൽവീതമാണ് വാക്സിൻ ഡ്രൈ റൺ നടത്തുന്നത്.