തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സീന്‍ വിതരണനിരക്ക് കുത്തനെ ഇടിഞ്ഞു. പല ജില്ലകളിലും പ്രതിദിനം വാക്സീന്‍ എടുക്കുന്നവരുടെ നിരക്ക് 25 ശതമാനത്തിനും താഴെയാണ്. പരീക്ഷണ ഘട്ടത്തിലുളള കൊവാക്സിനോടുളള ആശങ്കയാണ് വിമുഖതയ്ക്ക് കാരണം.
രോഗബാധിതരുടെ എണ്ണവും മരണവും രാജ്യത്ത് ഏറ്റവും ഉയര്‍ന്നു നിൽക്കുമ്പോഴും വാക്സിനേഷന്‍ ത്വരിതഗതിയിലാക്കാനുളള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പോലീസുകാര്‍, അര്‍ധ സൈനിക വിഭാഗങ്ങള്‍, പഞ്ചായത്ത് മുനിസിപ്പാലിറ്റി, റവന്യൂ ജീവനക്കാര്‍ തുടങ്ങിയ കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഇന്നലെയോടെ വാക്സീന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. തിരുവനന്തപുരം ജില്ലയിൽ 12 ന് 512 പേര്‍ വാക്സീനെടുത്തു. 13 ന് 947 പേര്‍. 14, 15 തീയതികളില്‍ യഥാക്രമം 300 ഉം 336 ഉം പേര്‍മാത്രമാണ് വാക്സീനെടുത്തത്. ആകെ 14,000 പേര്‍ റജിസ്‌റ്റർ ചെയ്ത ജില്ലയില്‍ 2095 പേര്‍ മാത്രമാണ് ലക്ഷ്യമിട്ട തീയതിക്കുളളില്‍ വാക്സീനെടുത്തത്. വെറും 14. 96 ശതമാനംപേര്‍. മറ്റു ജില്ലകളിലും സമാന സ്ഥിതി. രാജ്യത്ത് വാക്സീന്‍ വിതരണത്തില്‍ ഇന്ത്യയില്‍ പന്ത്രണ്ടാം സ്ഥാനമാണ് കേരളത്തിന്.
പരീക്ഷണം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് വിവാദത്തിലായ കൊവാക്സീന്‍ കുത്തിവെയ്പ് തുടങ്ങിയതോടെയാണ് ആദ്യം മുതലേ അത്ര മെച്ചമല്ലാതിരുന്ന നിരക്ക് കുത്തനെ ഇടിഞ്ഞത്. പരീക്ഷണം പൂർത്തിയാകാത്ത വാക്സീൻ വിതരണം ചെയ്യുന്നതിനെതിരെ ഒരു വിഭാഗം ആരോഗ്യ പ്രവർത്തകരും കടുത്ത വിമർശനമുന്നയിക്കുന്നു. എന്നാൽ കൊവാക്സീന്‍ സുരക്ഷിതമെന്നാണ് കേന്ദ്ര സർക്കാരും വാക്സീൻ നിർമാതാക്കളും പറയുന്നത്. ഡൽഹിയിലും ഇതര സംസ്ഥാനങ്ങളിലും പ്രധാന ആശുപത്രികളിൽ കൊവാക്സിനാണ് നല്കുന്നത്. നിലവിൽ ആർക്കും യാതൊരു പാർശ്വഫലങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ് വാക്സീനാണ് കേരളത്തിൽ പതിനൊന്നാം തീയതി വരെ നൽകിയത്. വാക്സീന്‍ വിതരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനും ജനങ്ങളെ വിശ്വാസത്തിലെടുത്ത് വാക്സീന്‍ വിതരണം കാര്യക്ഷമമാക്കാനും കൃത്യമായ തന്ത്രമൊരുക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.