ന്യൂഡല്‍ഹി: രാജ്യത്ത് വിതരണത്തിന് മുന്നോടിയായി സംസ്ഥാനങ്ങളിലേക്ക് വാക്‌സീന്‍ കയറ്റി അയച്ച് തുടങ്ങി. താപനില ക്രമീകരിച്ച മൂന്നു ട്രക്കുകളിലായി കൊവിഷീല്‍ഡിന്റെ ആദ്യ ലോഡുകള്‍ പൂണെ സീറം ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. ട്രക്കുകളില്‍ നിന്ന് വിമാനത്താവളങ്ങളിലെത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്ക് വിമാനമാര്‍ഗം എത്തിക്കുവാനാണ് പദ്ധതി. അവിടെനിന്നാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുക.
ചെന്നൈ അടക്കം നാലു പ്രധാന ഹബ്ബുകളില്‍ വാക്‌സീന്‍ ചൊവ്വാഴ്ചയെത്തും. ആദ്യ ലോഡ് എയര്‍ ഇന്ത്യാ കാര്‍ഗോ വിമാനത്തില്‍ അഹമ്മദാബാദിലേക്കാണ്. മുംബൈയിലേക്ക് റോഡ് മാര്‍ഗവും വാക്‌സീന്‍ കൊണ്ടു പോവും.
ജനുവരി 16 മുതലാണ് രാജ്യത്ത് വാക്‌സീന്‍ കുത്തിവയ്പ്പ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ വാക്‌സീന്‍ വിതരണ ചെലവ് മുഴുവന്‍ കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ശനിയാഴ്ച മുതല്‍ തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കും. രണ്ടാംഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കും. പതിനൊന്ന് കോടി ഡോസ് കൊവിഷീല്‍ഡ് വാക്‌സീനുള്ള പര്‍ചേസ് ഓര്‍ഡറാണ് കേന്ദ്രം സെറം ഇന്‍സ്റ്റിസ്റ്റ്യൂട്ടിന് നല്‍കിയിരിക്കുന്നത്.