തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നു. ഇതേ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേയ്‌ക്കുളള വാക്‌സിന്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മെഗാ വാക്‌സിന്‍ ക്യാമ്പുകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകി കയറ്റിയതാണ് വാക്‌സിന്‍ ക്ഷാമത്തിന് കാരണമെന്നാണ് പ്രധാന ആക്ഷേപം. ഇനി മുതല്‍ ജില്ലാ ആശുപത്രിയില്‍ പ്രതിദിനം 300 പേര്‍ക്കും താലൂക്ക് ആശുപത്രികളില്‍ 200 പേര്‍ക്കും മാത്രമേ വാക്‌സിന്‍ നല്‍കുകയുളളൂ.
കഴിഞ്ഞ ദിവസങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പടെ വാക്‌സിന്‍ കിട്ടാതെ മടങ്ങുന്ന കാഴ്ച തിരുവനന്തപുരത്തെ പല ആശുപത്രികളിലും ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയെത്തിയ പലര്‍ക്കും ഒരാഴ്ച കഴിഞ്ഞ് വരാനും നിര്‍ദേശം നല്‍കി വിട്ടു. അര്‍ഹരായവര്‍ക്ക് നിഷേധിക്കപ്പെട്ടപ്പോള്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലുള്‍പ്പടെ നടത്തിയ മെഗാ വാക്‌സിന്‍ ക്യാമ്പുകളില്‍ അനധികൃതമായി കയറിപ്പറ്റി വാക്‌സിന്‍ സ്വീകരിച്ചത് നിരവധി പേരാണ്. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട് ജില്ലയിലും വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടേയും വി ഐ പി ഡ്യൂട്ടിയുടേയുമൊക്കെ പേരു പറഞ്ഞാണ് പലരും കുത്തിവെപ്പെടുത്തത്. ശുപാര്‍ശകളുമായെത്തിയവര്‍ക്ക് നേരെ അധികൃതര്‍ കണ്ണടയ്‌ക്കുകയായിരുന്നു. തലസ്ഥാനത്ത് ഇനി പതിനായിരം പേര്‍ക്കുളള വാക്‌സിന്‍ മാത്രമാണ് മിച്ചമുളളത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പരിമിതമായ രീതില്‍ മാത്രമേ വാക്‌സിന്‍ നല്‍കാനാകൂ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മുപ്പതിനായിരം പേര്‍ മാത്രമേ ഉളളൂവെന്നിരിക്കെ അറുപതിനായിരത്തോളം പേരാണ് കഴിഞ്ഞ ദിവസം ഈ പേരില്‍ വാക്‌സിന്‍ സ്വീകരിച്ചതെന്നാണ് വിവരം.