കാന്‍ബെറ : കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചതായി യുഎസ് ബയോടെക്‌നോളജി കമ്പനി നോവവാക്‌സ് അറിയിച്ചു. ഓസ്‌ട്രേലിയയിലാണ് പരീക്ഷണം നടക്കുന്നത്. ഈ വര്‍ഷം പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചതായി കമ്പനിയുടെ ഗവേഷണ മേധാവി ഡോ.ഗ്രിഗറി ഗ്ലെന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ മെല്‍ബണ്‍, ബ്രിസ്ബണ്‍ നഗരങ്ങളിലെ 131 വൊളണ്ടിയര്‍മാരിലാണ് പരീക്ഷണം.
‘ഞങ്ങള്‍ സമാന്തരമായി ഡോസുകള്‍ നിര്‍മിക്കുന്നുണ്ട്. വാക്‌സിന്‍ കോവിഡിനെതിരെ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ക്ക് കാണിക്കാന്‍ സാധിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ അത് വിതരണം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഗ്ലെന്‍ പറയുന്നു. ചൈന, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലായി ഏകദേശം ഒരു ഡസനോളം പരീക്ഷണ വാക്‌സിനുകള്‍ അതിന്റെ പരിശോധനയുടെ പ്രാരംഭ ഘട്ടത്തിലാണ്. കൊറോണ വൈറസിന്റെ പുറംഭാഗത്തുള്ള സ്‌പൈക്ക് പ്രോട്ടീനെ തിരിച്ചറിയാന്‍ രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് ഇവരില്‍ ഭൂരിഭാഗവും ചെയ്യുന്നത്. അതുവഴി അണുബാധയുണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ ശരീരത്തെ സജ്ജമാക്കുന്നു.
നോവാവാക്‌സിന്റേത് പുനഃസംയോജന വാക്‌സിനാണ്. ജനിതക എന്‍ജിനീയറിങ്ങ് ഉപയോഗിച്ച് കൊറോണ വൈറസ് സ്‌പൈക് പ്രോട്ടീനിന്റെ പകര്‍പ്പുകള്‍ ലാബോറട്ടറിയില്‍ ഷഡ്പദങ്ങളുടെ കോശങ്ങളില്‍ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് ശാസ്ത്രജ്ഞന്മാര്‍ ഈ പ്രോട്ടീന്‍ വേര്‍തിരിച്ചെടുത്തതിന് ശേഷം ശുദ്ധീകരിച്ച് വൈറസ് വലിപ്പത്തിലുളള നാനോകണങ്ങളിലേക്ക് മാറ്റുന്നു.നോവാക്‌സ് നിര്‍മിച്ച നാനോ പാര്‍ട്ടിക്കിള്‍ വാക്‌സിന്‍ അവസാനഘട്ട പരിശോധനയില്‍ വിജയിച്ചത് അടുത്തിടെയാണ്.