കൊച്ചി: സംസ്ഥാനത്തെ വാക്സീൻ വിതരണത്തിൽ ചർച്ചയായി എറണാകുളം ജില്ലയിലെ വരാപ്പുഴ മാതൃക. സംസ്ഥാനത്ത് ആദ്യമായി മൂന്ന് തദ്ദേശസ്ഥാപനങ്ങളിലെ അറുപത് വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ വിതരണം പൂർത്തിയാക്കിയെന്ന റെക്കോർഡും എറണാകുളം ജില്ലക്കാണ്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ മേഖലകളുടെ സഹകരണം ഉറപ്പാക്കിയാണ് ജില്ലയിൽ വാക്സീൻ വിതരണം അതിവേഗത്തിൽ തുടരുന്നത്.
ആരോഗ്യപ്രവർത്തകർ ഉൾപ്പടെ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പേർക്ക് വാക്സീൻ എടുക്കേണ്ടത് എറണാകുളം ജില്ലയിലാണ്. തദ്ദേശ സ്ഥാപനങ്ങളെ നേതൃത്വം ഏൽപിച്ച് വിവിധ എൻജിഒകളുടെയും സ്കൂൾ അദ്ധ്യാപകരുടെയും സഹകരണം ഉറപ്പാക്കിയാണ് ജില്ലയിൽ വാക്സീൻ വിതരണം തുടരുന്നത്. ബോധവത്കരണം മുതൽ രജിസ്ട്രേഷൻ ജോലികൾ വരെ ഇവർ ഏറ്റെടുത്തു.
ഈ മോഡൽ ആദ്യമായി നടപ്പിലാക്കിയ വരാപ്പുഴ പഞ്ചായത്തിലെ അറുപത് വയസ്സിന് മുകളിലുള്ള മുഴുവൻ പേരുടെയും വാക്സീൻ വിതരണം ആദ്യം പൂർത്തിയാക്കി. ഈ മാതൃക ഏറ്റെടുത്ത മൂക്കന്നൂർ പഞ്ചായത്തും, പിറവം മുനിസിപ്പാലിറ്റിയും വിജയകരമായി അറുപത് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷൻ പൂർത്തിയാക്കി. വാക്സീൻ വിതരണം മൂന്നാം ഘട്ടത്തിലെത്തി നിൽക്കുമ്പോള്‍ 45 വയസിന് മുകളിലുള്ള അഞ്ച് ലക്ഷം പേർക്ക് ജില്ലയിൽ വാക്സീൻ ആദ്യ ഡോസ് വിതരണം പൂർത്തിയായി.
ഈ പ്രായപരിധിയിലുള്ള ആറ് ലക്ഷം പേർക്ക് കൂടിയാണ് ഇനി വാക്സീൻ എടുക്കേണ്ടത്. ജില്ലയിൽ ശരാശരി 30,000 ത്തോളം പേർക്കാണ് പ്രതിദിനം വാക്സീൻ എടുക്കുന്നത്. അതേസമയം, കൊവിഡ് രോഗികൾ 6300 കടന്നതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ള ചികിത്സയിലുള്ള ജില്ല കൂടിയായി എറണാകുളം. ജില്ലയിലുള്ള മൊത്തം ഐസിയു കിടക്കകളിൽ അമ്പത് ശതമാനത്തിലും രോഗികളുണ്ട്.