ബെര്‍ലിന്‍: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ്. ഭാവിയില്‍ ഉണ്ടാവുന്ന വാക്‌സിന് രാജ്യങ്ങള്‍ ആഗോള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബെര്‍ലിനില്‍ ത്രിദിന ലോകാരോഗ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിലെ പലഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് വാക്‌സിന്‍ ഡോസുകള്‍ ഇതിനോടകം പലഘട്ടങ്ങളിലായി പരീക്ഷണവും പൂര്‍ത്തിയാക്കി. പൂര്‍ണ ഫലപ്രപ്തി അവകാശപ്പെടുന്ന വാക്‌സിന്‍ ഇതുവരെ പുറത്തിറങ്ങിയില്ലെങ്കിലും സാധ്യതാവാക്‌സിനുകള്‍ വാങ്ങാന്‍ പോലും രാഷ്ട്രങ്ങള്‍ വന്‍തോതില്‍ കരാര്‍ നല്‍കിക്കഴിഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്ക് ഇത് തിരിച്ചടിയാവുന്ന സാഹചര്യത്തിലാണ് വാക്‌സിന്‍ വിതരണം എല്ലാ രാജ്യങ്ങള്‍ക്കും ഉറപ്പാക്കണമെന്ന ലോകാരോഗ്യസംഘടന മേധാവിയുടെ പ്രതികരണം.
ദരിദ്രരാഷ്ട്രങ്ങള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണം. എങ്കില്‍ മാത്രമേ വൈറസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. രാജ്യങ്ങള്‍ അവരുടെ സ്വന്തം പൗരന്മാര്‍ക്ക് ആദ്യം വാക്‌സിന്‍ വിതരണം ചെയ്ത് സംരക്ഷണമൊരുക്കുന്നത് സ്വാഭാവികമാണ്. വാക്‌സിന്‍ പുറത്തിറങ്ങുമ്പോള്‍ അത് ഫലപ്രദമായി കൈകാര്യം ചെയ്യണം. ചില രാജ്യങ്ങളിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് പകരം എല്ലാ രാജ്യത്തേയും ചിലര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ് അതിനുള്ള മികച്ച വഴി. വാക്‌സിന്‍ ദേശീയത മഹാമാരിയെ വര്‍ധിപ്പിക്കും, അവസാനിപ്പിക്കില്ല- അദ്ദേഹം പറഞ്ഞു. ഇത് പരിഹരിക്കാന്‍ ലോകാരോഗ്യസംഘടന കോവാക്‌സ് എന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ധനസമാഹരണം നടത്തുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.