തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗത്തില്‍ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് ആരോഗ്യമന്ത്രി. രോഗികളില്‍ 3.6 ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത്. ഐ.സി.യുവില്‍, വെന്റിലേറ്റര്‍ ഉപയോഗം 13 ശതമാനമാത്രമാണ്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ താല്‍ക്കാലികമായി നിയമിക്കും. ടെലിമെഡിസിനായി വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കുമെന്നും വീണ ജോര്‍ജ്. മൂന്നാം തരംഗത്തില്‍ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം, ഒമിക്രോൺ തരംഗം രൂക്ഷമായതോടെ തെക്കൻ കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളെ സി വിഭാഗത്തിൽ ഉൾപ്പെടുത്തി. രോഗികളുടെ എണ്ണം വർധിച്ചെങ്കിലും ആശുപത്രികളിൽ പര്യാപ്തമായ സൗകര്യങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നു.
മൂന്നാഴ്ചയ്ക്കിടെ കോട്ടയം ജില്ല കോവിഡ് രോഗികളുടെ എണ്ണത്തിൽ പത്തിരട്ടിയാണ് വർധന. കൊല്ലം, പത്തനംതിട്ട ഉൾപ്പെടുന്ന തെക്കൻ ജില്ലകളിലും ആശുപത്രിയിലുള്ള രോഗികളിൽ 25 ശതമാനത്തിലേറെയും കോവിഡ് ബാധിതരാണ്. കണക്കുകളിലെ ഈ കുതിച്ചു കയറ്റമാണ് തെക്കൻ ജില്ലകളിൽ സ്ഥിതി സങ്കീർണമാക്കിയത്. നിയന്ത്രണങ്ങൾ കർശനമാക്കിയ ജില്ലകളിൽ പൊതുപരിപാടികൾ പൂർണമായും നിരോധിച്ചു. സിനിമ തിയറ്ററുകൾ, ജിംനേഷ്യം നീന്തൽ കുളങ്ങൾ അടച്ചുപൂട്ടി. ദേവാലയങ്ങളിൽ പ്രവേശനം നിയന്ത്രിച്ചതിനൊപ്പം മരണം, വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് പരമാവധി 20 പേർക്കാണ് പങ്കെടുക്കാൻ അനുമതി. സ്കൂളുകൾക്കും ഒരാഴ്ച്ച നിയന്ത്രണം ബാധകം. രോഗികൾ കൂടിയെങ്കിലും ആശുപത്രികളിൽ കിടക്കകളും വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആവശ്യത്തിനുണ്ടെന്നും ആശങ്ക വേണ്ടെന്നും സർക്കാർ. മിക്കയിടങ്ങളിലും നിയന്ത്രണങ്ങളിലെ കടുപ്പം കടലാസിൽ മാത്രമാണ്. ബോധവത്കരണത്തിനപ്പുറം ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കാൻ കർശനമായ പരിശോധനകളിലേക്ക് പോലീസ് കടന്നിട്ടില്ല. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ കാര്യമായ ഇടപെടലും ഈ ഘട്ടത്തിൽ കാണാനില്ല.