ഡല്‍ഹി : രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുകയാണ്. ഇതുവരെ 2.87 ലക്ഷം പേരാണ് രോഗബാധിതരായി മരിച്ചത്. രണ്ടാം തരംഗത്തിന് പിന്നാലെ മൂന്നാം തരംഗവും ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പുകള്‍. ഇപ്പോള്‍ ഇതാ കൊവിഡ് രോഗിയുടെ ശരീരത്തില്‍ നിന്നുമുളള സൂക്ഷ്മ കണികകള്‍ക്ക് പത്ത് മീറ്ററോളം സഞ്ചരിക്കാന്‍ കഴിയുമെന്നും അതിനാല്‍ സൂക്ഷിക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്.
രോഗലക്ഷണം ഇല്ലെങ്കില്‍ പോലും രോഗബാധിതനില്‍ നിന്നും മറ്റുളളവരിലേക്ക് കൊവിഡ് പടരുന്നതിനാല്‍ പ്രതിരോധത്തിനായി ഇരട്ട മാസ്‌ക്, സാമൂഹിക അകലം, വായുസഞ്ചാരം എന്നിവ ഉറപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കൊവിഡ് ബാധിതന്റെ ശരീരത്തില്‍ നിന്നും തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ രണ്ട് മീറ്റര്‍ ദൂരത്തില്‍ വരെ വൈറസ് എത്തുമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍. എന്നാല്‍ സൂക്ഷ്മ കണികകളിലൂടെ പത്ത് മീറ്ററോളം വൈറസിന് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവന്‍ പറയുന്നത്. രോഗബാധിതനില്‍ നിന്നും ജലദോഷം, തുമ്മല്‍ എന്നിവ വഴി വായുവിലൂടെയാണ് സാധാരണയായി വൈറസ് മറ്റൊരാളിലേക്ക് പകരുന്നത്.
അതോടൊപ്പം രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും രോഗം പകരും. അതിനാല്‍ തന്നെ ജനലുകളും വാതിലുകളും തുറന്നിട്ട് മുറിയില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ വായുസഞ്ചാരം ഉറപ്പ് വരുത്തുന്നതിലൂടെ വൈറസിന്റെ സാന്ദ്രത കുറയ്ക്കാന്‍ സാധിക്കും. കൊവിഡ് പ്രതിരോധത്തിനായി എന്‍ 95 മാസ്കുകളാണ് നല്ലത്. അതല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്കും അതിന് മുകളില്‍ കോട്ടണ്‍ മാസ്കും അടക്കം രണ്ട് മാസ്കുകള്‍ ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നതില്‍ എല്ലാവരും കരുതല്‍ കാട്ടണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.