ജനീവ : ഇന്ത്യന്‍ കോവിഡ് വകഭേദത്തിന് അതിതീവ്രമായ വ്യാപന ശേഷിയെന്ന് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രവിഭാഗം മേധാവി ഡോ. സൗമ്യ സ്വാമിനാഥന്‍. കഴിഞ്ഞ ഒക്ടോബറില്‍ ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദമാണ് രാജ്യത്ത് രൂക്ഷമായ തുടരുന്ന ദുരന്തത്തിന് കാരണമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
വ്യത്യസ്തവും പ്രവചനാതീതവുമായ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വകഭേദമാണ് ബി.1.617. യഥാര്‍ത്ഥ വെെറസിനേക്കാള്‍ അപകടകരമാണിത്. പ്രതിരോധ കുത്തിവെയ്പ്പിലൂടെയും സ്വാഭാവികമായും ഉണ്ടാകുന്ന ആന്റിബോഡികളെ അതിജീവിക്കാനും ഈ വകഭേദത്തിന് കഴിയുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ നിയന്ത്രണാതീതമായി രോഗവ്യാപനം ഉണ്ടാകാന്‍ കാരണം വൈറസിന്റെ വകഭേദം മാത്രമല്ലെന്നും അവര്‍ പറഞ്ഞു. തുടര്‍ച്ചയായി കുറഞ്ഞ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പ്രതിസന്ധിഘട്ടം അവസാനിച്ചതായി ജനങ്ങള്‍ക്ക് തോന്നി.
മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും ജനങ്ങള്‍ പാലിക്കാതെയായി. ആള്‍ക്കൂട്ട ഉത്സവങ്ങള്‍ പോലും നടത്തുന്ന സാഹചര്യമുണ്ടായി. ഇതൊക്കെയും വൈറസ് അതിതീവ്രമായി വ്യാപിക്കുന്നതിന് കാരണമായതായും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.