ന്യൂയോർക്ക് : രോഗലക്ഷണങ്ങൾ ഒന്നുമില്ലാതെ കോവിഡ് ബാധിക്കുന്നവരിൽ അഞ്ചിൽ ഒരാൾക്ക് ദീർഘകാല കോവിഡ് ഉണ്ടാക്കുന്നതായി പഠനം. കോവിഡിൽ നിന്ന് രോഗമുക്തി നേടുന്നവരെല്ലാം തിരികെ സമ്പൂർണ ആരോഗ്യത്തിലേക്ക് മടങ്ങുന്നില്ലെന്ന് പഠനം ചൂണ്ടിക്കാട്ടി.
ഫെയർ ഹെൽത്ത് എന്ന സന്നദ്ധസംഘടന ന്യൂയോർക്കിൽ നടത്തിയ പഠനത്തിൽ 20 ലക്ഷം അമേരിക്കക്കാരുടെ ആരോഗ്യസ്ഥിതിയാണ് 2020 ഫെബ്രുവരിക്കും 2021 ഫെബ്രുവരിക്കും ഇടയിൽ വിലയിരുത്തിയത്. രോഗലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് വന്നവരിൽ 19% പേർക്കും ദീർഘകാല കോവിഡ് ഉണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്തി. കോവിഡ് നെഗറ്റീവ് ആയി 30 ദിവസങ്ങൾക്കുശേഷം ഇവരിൽ സങ്കീർണതകൾ ഉണ്ടായി.
വേദനയാണ് ദീർഘകാല കോവിഡ് പ്രശ്നങ്ങളിൽ ഏറ്റവും പൊതുവായി കണ്ടെത്തിയത്. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഉയർന്ന കൊളസ്ട്രോൾ, ക്ഷീണം, ഉയർന്ന രക്തസമ്മർദം എന്നിവയും പലരും റിപ്പോർട്ട് ചെയ്യുന്നു. ഈ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന്റെ ആവൃത്തി ഒരാളുടെ പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു. യുവാക്കളിൽ വൻ കുടലിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഉയർന്ന കൊളസ്ട്രോളിനെക്കാൾ കൂടുതൽ കാണപ്പെട്ടത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ദീർഘകാല കോവിഡ് പൊതുവേ കാണപ്പെടുന്നതായും പഠനം പറയുന്നു. 2021 മാർച്ചിൽ ലെയ്കെസ്റ്റർ സർവകലാശാല നടത്തിയ പഠനവും ഇത് ശരി വെയ്ക്കുന്നു. അതേ സമയം ദീർഘകാല കോവിഡിന്റെ ഭാഗമായി ഹൃദയത്തിലെ പേശികൾക്ക് നീർക്കെട്ട് ഉണ്ടാകുന്നത് കൂടുതലും പുരുഷന്മാരിലാണ്. ചിലർക്ക് വിഷാദരോഗം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി റിപ്പോർട്ടിൽ പറഞ്ഞു.
യുകെയിൽ മാത്രം 10 ലക്ഷത്തിലധികം പേർക്ക് കോവിഡ് നെഗറ്റീവ് ആയതിനുശേഷവും രോഗലക്ഷണങ്ങൾ ദീർഘകാലത്തേക്ക് തുടരുന്നതായി മറ്റൊരു പഠനവും പറയുന്നു. ദീർഘകാല കോവിഡ് ബാധിതർ യാഥാർഥ്യബോധമുള്ള ലക്ഷ്യങ്ങൾ കുറിക്കണമെന്നും പിന്തുണ നൽകുന്ന സപ്പോർട്ട് ഫോറങ്ങളിൽ പങ്കെടുക്കണമെന്നും യുകെ ഗവൺമെന്റ് ആവശ്യപ്പെട്ടിരുന്നു.