പത്തനംതിട്ട : ജില്ലയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച മാര്‍ച്ച് 8 ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണി… ജില്ലയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ചുമതല വഹിക്കുന്ന ജില്ലാതല ഉദ്യോഗസ്ഥനായ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.ജി ശശിധരന്റെ ഫോണില്‍ നിന്നും നിരന്തരമായ ഫോണ്‍കോളുകള്‍. ഉറക്കത്തിലായിരുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെല്ലാം ഉണര്‍ന്നു. എന്തോ അപകടം എല്ലാവരും മണത്തു… മണിക്കൂറുകള്‍ക്കുള്ളില്‍ 250 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും ഫോണുകളില്‍ ആ സന്ദേശം എത്തി. പിന്നെ ഒട്ടും വൈകിയില്ല. രാവിലെ ഏഴുമണിക്ക് ജില്ലാ കളക്ടറുടെ അടിയന്തരയോഗം…കര്‍ശന നിര്‍ദ്ദേശങ്ങള്‍…എല്ലാവരും ജാഗരൂകരായി. തുടര്‍ന്ന് യാതൊരുവിധ പല ടീമുകളായി തിരിഞ്ഞ് റാന്നിയുടെ വിവിധ ഭാഗങ്ങളിലേക്ക് അവര്‍ ഓടി. എല്ലാത്തിനും കരുത്തു പകര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജയും, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ്.നന്ദിനിയും കൂടെയുണ്ട്.
ഇറ്റലിയില്‍ നിന്നെത്തിയ ഐത്തല കുടുംബവുമായി ബന്ധപ്പെട്ട കോവിഡ് കേസുകള്‍, അവയുടെ റിപ്പോര്‍ട്ടുകള്‍, അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, നിരീക്ഷണത്തിലായവര്‍ തുടങ്ങിയവരുടെ ലിസ്റ്റുകള്‍ ധൃതഗതിയില്‍ പൂര്‍ത്തിയാക്കി. അതതു ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പോലീസിനും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൈമാറണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മരുന്നും, മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിനുള്ള നടപടികള്‍ എന്നിങ്ങനെ എല്ലാത്തിനും പിന്തുണയുമായി എം.സി.എച്ച് ഓഫീസര്‍ ഉഷാദേവിയുടെ നേതൃത്വത്തില്‍ മുന്നൂറോളം പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാരും അണിനിരന്നു.
ഇതിനിടയില്‍ ഇന്ത്യയിലെ ആദ്യത്തെ രണ്ട് കോവിഡ് കണ്‍ട്രോള്‍ സെല്ലുകള്‍ പത്തനംതിട്ട കളക്ടറേറ്റില്‍ ആരംഭിച്ചു. ഒന്ന് ജില്ലാ കളക്ടറുടെ കണ്‍ട്രോള്‍ സെല്‍, മറ്റൊന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സെല്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലുകളിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സജീവ സാന്നിധ്യം. സംശയ നിവാരണങ്ങള്‍ക്കും ആശങ്കകള്‍ തീര്‍ക്കുന്നതിനുമായി മറ്റുസംസ്ഥാനങ്ങളില്‍ നിന്നുവരെയുള്ള ഫോണ്‍കോളുകള്‍. ഫോണ്‍സന്ദേശങ്ങള്‍ രജിസ്റ്ററിലാക്കി നടപടികള്‍ക്കായി ബന്ധപ്പട്ടവര്‍ക്ക് സമര്‍പ്പിക്കണം. കൂടാതെ സംസ്ഥാനത്തിനു പുറത്തുനിന്നെത്തുന്നവരെ നിരീക്ഷണത്തില്‍ വിടുന്നതിനുള്ള നടപടികള്‍, കോവിഡ് സംബന്ധമായ ബോധവല്‍ക്കരണം, അതിര്‍ത്തി സ്ക്രീനിംഗ്, അതിഥി തൊഴിലാളികള്‍ക്കു ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം ഇവര്‍ സജീവമാണ്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ റെയില്‍വെ സ്‌റ്റേഷന്‍, പ്രധാന ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തിയിരുന്നു.
സമൂഹ അടുക്കളയുടെ പ്രവര്‍ത്തനങ്ങളുടെ പരിശോധനയും ഇവരുടെ നേതൃത്വത്തില്‍ കാര്യക്ഷമമായി നടന്നുവരുന്നു.നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 7700 പേരെ ഫോണുകളില്‍ ദിവസേന വിളിച്ച് സുഖവിവരങ്ങള്‍ അന്വഷിക്കുന്നുണ്ട്. ജില്ല പ്രളയം നേരിട്ടപ്പോഴും, എലിപ്പനി, ഡങ്കിപ്പനി,മറ്റു രോഗങ്ങള്‍ എന്നിവയെല്ലാ പിടിപെട്ട സാഹര്യങ്ങളിലും ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്രമമില്ലാതെ രാപകല്‍ സേവനം ചെയ്ത ഇവര വിസ്മരിക്കാകില്ല.