വാഷിംഗ്ടണ്‍ ഡിസി : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി പിന്നിട്ടു. നിലവില്‍ 1,00,74,597 പേര്‍ക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷം കടക്കുകയും ചെയ്തു.
ഇതുവരെ 5,00,625 പേരാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. 54,52,337 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്.
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക് കുതിക്കുന്നു. 25,96,403 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്.1,28,152 പേര് രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞു. 10,79,892പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്.
ലോകത്തെ ഒരു കോടി കോവിഡ് രോഗബാധിതരില്‍ പകുതിയിലേറെ പേര് ഇന്ത്യയടക്കം നാല് രാജ്യങ്ങളിലാണ്. നാലിലൊരുഭാഗം രോഗികളുള്ള അമേരിക്കെയ്ക്ക് പുറമെ ബ്രസീല്‍, റഷ്യ എന്നിവര്‍കൂടി ചേരുന്നതോടെ പട്ടിക പൂര്‍ത്തിയാകും. 25.77 ലക്ഷമാണ് അമേരിക്കയിലെ രോഗബാധിതര്‍. ബ്രസീലില്‍ 13 ലക്ഷത്തിനടുത്ത്. റഷ്യയില്‍ 6.3 ലക്ഷം. ഇന്ത്യയിലെ 5.29 ലക്ഷംകൂടി ചേരുമ്പോള്‍ എണ്ണം അരക്കോടി പിന്നിടും.
അതേസമയം, 54 ലക്ഷത്തിലേറെ പേര് രോഗമുക്തരായി. 40 ലക്ഷത്തിലേറെ പേരാണ് രോഗികളായി തുടരുന്നത്. ഇവരില്‍ അര ലക്ഷത്തിലേറെ പേര് ഗുരുതര രോഗബാധയുള്ളവരാണ്. യൂറോപ്പില്‍ രോഗബാധിതരുടെ എണ്ണം കാല് കോടിയോട് അടുക്കുകയാണ്.