ദില്ലി: ലോകത്താകെ 41.5 ലക്ഷം പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 2.83 ലക്ഷം കടന്നു. 13.5 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ മാത്രം 80000ത്തിലേറെ ആളുകള്‍ മരണമടഞ്ഞു. അമേരിക്കയില്‍ രോഗം പകരുന്നത് പ്രതിരോധിക്കുന്നതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പരസ്യമായി രംഗത്തെത്തി. സ്‌പെയിനില്‍ രണ്ട് മാസത്തിനിടെ ഒരു ദിവസത്തെ മരണ നിരക്കില്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയിലും ഫ്രാന്‍സിലും ജര്‍മ്മനിയിലും മരണനിരക്ക് കുറയുന്നത് ആശ്വാസമാകുന്നുണ്ട്.
ബ്രിട്ടനില്‍ നിബന്ധനകളോടെ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. ആളുകള്‍ വീടുകളില്‍ കഴിയണമെന്ന കര്‍ശന നിര്‍ദ്ദേശം ഒഴിവാക്കിയെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. അതിനിടെ ചൈനയിലും ദക്ഷിണ കൊറിയയിലും പുതിയ കേസുകളില്‍ വര്‍ധന രേഖപ്പെടുത്തുന്നത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2109 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേര്‍ മരിച്ചു. 3277 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം അറുപത്തി രണ്ടായിരം കടന്നു.