ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി അറുപത്തിയാറ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 42 ലക്ഷം പിന്നിട്ടു. പതിനേഴ് കോടി എണ്‍പത് ലക്ഷം പേര്‍ രോഗമുക്തി നേടി.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 6.28 ലക്ഷം പേരാണ് യുഎസില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. എഴുപതിനായിരത്തിലധികം കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിനാല് ലക്ഷമായി ഉയര്‍ന്നു.
കൊവിഡ് മരണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.53 ലക്ഷം പേരാണ് മരിച്ചത്. ഒരു കോടി തൊണ്ണൂറ്റിയേഴ് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്. ഒരു കോടി എണ്‍പത്തിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 43,654 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.22 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മൂന്ന് കോടി പതിനഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3.06 കോടി പേര്‍ രോഗമുക്തി നേടി.