വാഷിംഗ്ടണ്‍ : ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചത് 3,046 പേര്‍. ഇന്നലെ മാത്രം 88,287 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 213 രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കൊവിഡില്‍ ഇതുവരെ 3.47 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലോകത്ത് 55.82 ലക്ഷം പേര്‍ക്ക് ഇതുവരെ കൊവിഡ് കണ്ടെത്തി. ഇതില്‍ 23.61 ലക്ഷം പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടി. നിലവില്‍ 28.73 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള അമേരിക്കയില്‍ രണ്ട് ദിവസമായി മരണനിരക്ക് കുറഞ്ഞു എന്നതാണ് ആശ്വാസകരമായ വാര്‍ത്ത. ഇന്നലെ 504 പേര്‍ മാത്രമാണ് മരിച്ചത്. ഇതിന്റെ തലേദിവസം 603 ആയിരുന്നു മരണം. ഇതുവരെ 99,904 പേരാണ് കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചത്. 17.06 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 11.43 ലക്ഷം പേരാണ്.
ലോകത്ത് വിവിധ രാജ്യങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണവും മരണവും. (2020 മെയ് 26 രാവിലെ ആറ് മണിവരെയുളളത്.)
കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 757 പേരാണ് ഇവിടെ മരിച്ചത്. ആകെ മരണം 23,473. ഇന്നലെ മാത്രം പതിനായിരത്തിലേറെ പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.74 ലക്ഷമായി. രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുളള മറ്റൊരു യൂറോപ്യന്‍ രാജ്യമായ സ്‌പെയിനില്‍ ഇന്നലെ പുതിയ കൊവിഡ് കേസുകളോ, മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2.82 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സ്‌പെയിനില്‍ 26,837 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചൈനയില്‍ ഇന്നലെ പുതിയതായി 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെങ്കിലും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മെക്‌സിക്കോയില്‍ 215, പെറു 173, ഇന്ത്യ 148, യുകെ 121, ക്യാനഡ 121, റഷ്യ 92, ഇറ്റലി 92, ഇക്വഡോര്‍ 95 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ വിവിധ രാജ്യങ്ങളിലെ കൊവിഡ് മരണനിരക്ക്. ബ്രസീല്‍, റഷ്യ എന്നിവിടങ്ങളില്‍ 3.74 ലക്ഷം, 3.53 ലക്ഷം എന്നിങ്ങനെയാണ് കൊവിഡ് രോഗികളുടെ എണ്ണം. സ്‌പെയിന്‍, യുകെ, ഇറ്റലി എന്നി രാജ്യങ്ങളില്‍ രണ്ട് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയില്‍ രോഗികളുണ്ട്. ഫ്രാന്‍സ്, ജര്‍മ്മനി, തുര്‍ക്കി, ഇന്ത്യ, ഇറാന്‍, പെറു എന്നി രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലാണ് കൊവിഡ് ബാധിതര്‍. യുകെയില്‍ 36,914, ഇറ്റലിയില്‍ 32,877, ഫ്രാന്‍സില്‍ 28,432, സ്‌പെയിനില്‍ 26,837, ബ്രസീലില്‍ 23,473 എന്നിങ്ങനെയാണ് ഇതുവരെയുളള മരണനിരക്ക്.
അമേരിക്കയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരണനിരക്ക് ആയിരത്തില്‍ താഴെയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ ഒമ്പത് പേര്‍ക്ക് കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. പുതിയതായി 2,235 പേര്‍ക്ക് കൊവിഡ് കണ്ടെത്തി. സൗദിയിലെ ആകെ രോഗികളുടെ എണ്ണം ഇതോടെ 74,795 ആയി. മരണം 399. രോഗമുക്തി നേടിയവരൊഴിച്ച് നിലവില്‍ ചികിത്സയിലുളളത് 28,728 പേരാണ്. ഖത്തറില്‍ ഇന്നലെ മൂന്ന് കൊവിഡ് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,751 പേര്‍ക്ക് രോഗമുണ്ടെന്നും കണ്ടെത്തി. ആകെ മരണം 26, രോഗികളുടെ എണ്ണം 45,465. യുഎഇയിലും ഇന്നലെ മൂന്ന് മരണമാണ് കൊവിഡിനെ തുടര്‍ന്നുണ്ടായത്. 248 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ആകെ രോഗബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു.
കുവൈത്തില്‍ ഒമ്പത് മരണമാണ് ഇന്നലെ രേഖപ്പെടുത്തിയത്. പുതിയതായി 665 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 21,967, മരണം 165. ബഹ്‌റൈനില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 14 പേര്‍ ആകെ മരണമടഞ്ഞ ബഹ്‌റൈനില്‍ 9,171 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതില്‍ 4,753 പേര്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 4,404 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡില്‍ ഇതുവരെ 37 പേര്‍ മരിച്ച ഒമാനില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 7,770 പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. രോഗമുക്തി നേടിയവരൊഴിച്ച് 5,800 പേരാണ് ചികിത്സയിലുളളത്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 6,414 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തി. 148 പേര്‍ മരിക്കുകയും ചെയ്തു. 1.44 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 4,172 പേര്‍ക്ക് ഇതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി.