യുഎസ് : ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് കുതിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും കൊറോണ ബാധിതരുടെ എണ്ണം പെരുകുമ്പോള്‍ മരണ നിരക്കും പൊടുന്നനെ ഉയരുകയാണ്. ലോകത്ത് ഇതുവരെ കൊറോണ ബാധിച്ച് 190,627 പേരാണ് മരിച്ചത്. കൊറോണ ബാധിതരുടെ എണ്ണം 2,716,320 ആയി ഉയര്‍ന്നു. രോഗികള്‍ 30 ലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ 745,100 പേര്‍ മാത്രമാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ പുതുതായി 84,535 കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്. വിവിധ രാജ്യങ്ങളിലായി കൊറോണ ബാധിച്ച് 6569 പേരാണ് ഇന്നലെ മരിച്ചത്.
ദിവസവും രണ്ടായിരത്തിന് മുകളില്‍ മരണം സംഭവിക്കുന്ന അമേരിക്കയില്‍ ഇന്നലെയും 2,325 പേര്‍ മരണത്തിന് കീഴടങ്ങി. മിനിറ്റുവെച്ച് ആളുകള്‍ മരിച്ചു വീഴുന്ന അവസ്ഥയാണ് അമേരിക്കയിലുള്ളത്. രാജ്യം കിണഞ്ഞ് പരിശ്രമിച്ചിട്ടും അമേരിക്കയ്ക്ക് ഇനിയും മരണ നിരക്ക് താഴ്‌ത്തിക്കൊണ്ടു വരാന്‍ സാധിക്കാത്തത് ആരോഗ്യ പ്രവര്‍ത്തകരെയും ആശങ്കയിലാക്കുന്നു. ഇന്നലെയും കൂട്ടമരണം സംഭവിച്ചതോടെ അമേരിക്കയിലെ മരണ നിരക്ക് ഇന്ന് അരലക്ഷം കടക്കും. 49,845 പേരാണ് അമേരിക്കയില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. ഇന്നലെയും പുതുതായി 31,419 പേരില്‍ വൈറസ് ബാധ കണ്ടെത്തിയതോടെ അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം 880,136 ആയി ഉയര്‍ന്നു. ലോകത്തെ തന്നെ ആശങ്കയിലാക്കിയാണ് അമേരിക്കയില്‍ കൊറോണയുടെ തേരോട്ടം.
കൊറോണ മരണക്കളി നടത്തിയ യൂറോപ്പിലും ഇന്നലെ നിരവധി പേര്‍ മരിച്ചു. സ്‌പെയിനില്‍ ഇന്നലെ 440 പേരും ഇറ്റലിയില്‍ 464 പേരും മരിച്ചപ്പോള്‍ ഫ്രാന്‍സില്‍ ഇന്നലെ 516 പേര്‍ മരണത്തിന് കീഴടങ്ങി. ജര്‍മനിയില്‍ 260 പേരാണ് മരിച്ചത്. മരണത്തില്‍ നേരിയ കുറവ് അനുഭവപ്പെട്ട ബ്രിട്ടനില്‍ ഇന്നലെ 638 പേരാണ് മരിച്ചത്. ബെല്‍ജിയത്തില്‍ 228 പേരും മരിച്ചു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലിലും ഓരോ ദിവസം കഴിയുമ്പോള്‍ മരണ നിരക്ക് കൂടി വരികയാണ്. 407 പേരാണ് ഇന്നലെ ബ്രസീലില്‍ മരിച്ചത്. പെറുവില്‍ 42 പേര്‍ മരിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ലോകം വീടുകളിലേക്ക് ഒതുങ്ങുമ്പോഴും സ്വാതന്ത്ര്യം ആഘോഷിക്കുന്ന സ്വീഡനില്‍ ഇന്നലെ 84 പേര്‍ മരിച്ചു.
കൊറോണ മരണ താണ്ഡവം ആടുന്ന യുഎസ് കൊറോണ വൈറസിനാല്‍ ആക്രമിക്കപ്പെട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇതൊരാക്രമണമായിരുന്നു. വെറും പകര്‍ച്ചപ്പനി അല്ല. ഇതുപോലെയൊന്ന് ആരുംകണ്ടിട്ടില്ല. 1917-ലെ സ്പാനിഷ് ഫ്‌ളൂ കാലത്താണ് ഇത്തരമൊരനുഭവം രാജ്യം നേരിട്ടതെന്നും വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഹോട്ട്സ്‌പോട്ടുകളിലെല്ലാം സ്ഥിതി മെച്ചപ്പെടുന്നു. ശരിയായ ദിശയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. കൊവിഡിനെ നേരിടാന്‍ രാജ്യം സ്വീകരിച്ച കര്‍ശനമായ നടപടികള്‍ ഫലം കാണുന്നതിന്റെ സൂചനയാണിത്. താമസിയാതെ എല്ലാ സംസ്ഥാനങ്ങളും സുരക്ഷിതമാവുമെന്നും അത് ആവേശകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനെ മറികടക്കാന്‍ വലിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക വഴി രാജ്യം എത്തിച്ചേര്‍ന്ന കട ഭാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ട്രംപ് മറുപടി പറഞ്ഞു. മറ്റെല്ലാവഴികളും താന്‍ പരിഗണിച്ചിരുന്നതായും എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ഇതല്ലാതെ മറ്റുമാര്‍ഗമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ”ലോകചരിത്രത്തില്‍ത്തന്നെ ഏറ്റവുംവലിയ സമ്പദ് വ്യവസ്ഥയാണ് അമേരിക്കയുടേത്. ചൈനയെക്കാളും മറ്റെല്ലാ രാജ്യത്തേക്കാളും മെച്ചപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടാണ് നമ്മള്‍ ഈ നേട്ടമുണ്ടാക്കിയത്. പെട്ടെന്ന് ഒരുദിവസം പറയുന്നു എല്ലാം അടച്ചിടണമെന്ന്. നമ്മളിത് വീണ്ടും തുറക്കാന്‍ പോവുകയാണ്. നമ്മള്‍ കൂടുതല്‍ ശക്തരാവാന്‍ പോവുകയാണ്. പക്ഷേ പഴയതുപോലെയാകാന്‍ പണം ചെലവിടേണ്ടതുണ്ട്. പഴയ പ്രതാപം പൂര്‍ണമായി തിരിച്ചുപിടിക്കും വരെ ഇനി വിശ്രമമില്ല. എക്കാലത്തെയും മികച്ച അക്കങ്ങളിലേക്കു നമ്മുടെ വളര്‍ച്ച കുതിക്കും. ഓഹരിവിപണിയിലടക്കം എന്താണ് സംഭവിക്കുകയെന്ന് കണ്ടോളൂ” -ട്രംപ് പറഞ്ഞു. കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ യുഎസില്‍ 700 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജാണ് ആരോഗ്യമേഖലയില്‍ പ്രഖ്യാപിച്ചത്. എട്ടരലക്ഷത്തോളം പേരെ ബാധിച്ച രോഗം 47000- ലധികം പേരുടെ ജീവനെടുത്തു.
കണക്കില്‍പ്പെടാതെ 25,000 മരണങ്ങള്‍
കൊവിഡ് മരണത്തിന്റെ യഥാര്‍ത്ഥ കണക്കെടുക്കാനാവാതെ പാശ്ചാത്യ രാജ്യങ്ങള്‍. യൂറോപ്പില്‍ മരണനിരക്ക് കഴിഞ്ഞ മാസം 39% വര്‍ധിച്ചു. 11 രാജ്യങ്ങളിലെ മരണക്കണക്കു പരിശോധിക്കുമ്പോള്‍ കൊവിഡ് പട്ടികയില്‍ പെടാതെ 25,000 മരണങ്ങളുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പല രാജ്യങ്ങളിലും കൊവിഡ് പരിശോധന പരിമിതമായതാണു കൃത്യമായ കണക്കില്ലാത്തതിനു മുഖ്യകാരണം. ആശുപത്രിയിലെ മരണങ്ങള്‍ മാത്രമേ മിക്ക രാജ്യങ്ങളും കണക്കില്‍പെടുത്താറുള്ളു.
ലോകരാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ള യുഎസില്‍ മഞ്ഞുകാലത്തു മരണം വര്‍ധിക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളി. രോഗം വന്നാലും ചെറിയ തോതിലാകുമെന്നും നിയന്ത്രണ വിധേയമായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. മലേറിയയുടെ മരുന്നായ ക്ലോറോക്വിന്‍ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെ എതിര്‍ത്ത ബയോമെഡിക്കല്‍ അഡ്വാന്‍സ്ഡ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് അഥോറിറ്റി ഡയറക്ടര്‍ ഡോ. റിക് ബ്രൈറ്റിനെ ട്രംപ് പുറത്താക്കി. കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന ഗവേഷക സംഘത്തിന്റെ തലവനാണു ബ്രൈറ്റ്.