കോട്ടയം: ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴു പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മൂന്നു പേരുടെയും ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെയും വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ കഴിയുന്ന മൂന്നു പേരുടെയും സാമ്പിളുകളാണ് പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ദമ്പതികളുടെ കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു.
ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനയ്ക്കയച്ച 54 സാമ്പിളുകളില്‍ രണ്ടെണ്ണം പോസിറ്റീവും 34 എണ്ണം നെഗറ്റീവുമായിരുന്നു. 15 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മൂന്നു സാമ്പിളുകള്‍ പരിശോധനയ്ക്കെടുക്കാതെ തള്ളി. വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി മൂന്നു പേരെക്കൂടി ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. ഇറ്റലിയില്‍ നിന്നെത്തിയ രണ്ടു പേരെ കോട്ടയം ജനറല്‍ ആശുപത്രിയിലും കുവൈറ്റില്‍ നിന്നെത്തിയ മധ്യവയസ്കയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 13 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
ഹോം ക്വാറന്‍റയിനില്‍ 310 പേര്‍ ഇന്നലെ 142 പേര്‍ക്കു കൂടി വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയതോടെ ഹോം ക്വാറന്‍റയിനില്‍ ഉള്ളവരുടെ എണ്ണം 310 ആയി. ഇങ്ങനെ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി എല്ലാ ദിവസവും വിലയിരുത്തുന്നുണ്ട്.