ഹൈദരാബാദ് : തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഹോം ക്വാറന്റീനില്‍ ആണെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും അല്ലു അഭ്യര്‍ഥിച്ചു. സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘പുഷ്പ’യാണ് അല്ലു അര്‍ജുന്റെ പുതിയ ചിത്രം.
ഫഹദ് ഫാസില്‍ വില്ലനായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫഹദിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ഇത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ സംയോജനം നിര്‍വഹിക്കുന്നത്. ഈ മാസം പുറത്തിറങ്ങിയ ചിത്രത്തിലെ അല്ലു അര്‍ജുന്റെ ക്യാരക്റ്റര്‍ ടീസറിന് വലിയ പ്രതികരണം ലഭിച്ചിരുന്നു. ഓഗസ്റ്റ് 13 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.