മൂന്നാർ : വന്യജീവി ആക്രമണത്തെ തുടർന്ന് മൂന്നാറിൽ വീണ്ടും പശുക്കൾ ചത്തു. ചെണ്ടുവരൈ എസ്റ്റേറ്റിലും ദേവികുളം ഒഡികെ ഡിവിഷനിലുമായി രണ്ട് ദിവസത്തിനിടെ ആറ് പശുക്കളെയാണ് വന്യമൃഗം കടിച്ചു കൊന്നത്. ഒഡികെ ഡിവിഷനില്‍ മതിയഴകന്‍, പെരുമാള്‍ എന്നിവരുടെ പശുക്കളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചെണ്ടുവരൈയില്‍ മേസൈ, രാജാ, മാരിമുത്തു എന്നിവരുടേതാണ് കൊല്ലപ്പെട്ട പശുക്കള്‍. പ്രദേശത്തെ മിക്ക ആളുകളും തോട്ടങ്ങളിൽ പണിയെടുക്കുന്നവരും പശുക്കളെ വളർത്തി ഉപജീവനം കണ്ടെത്തുന്നവരും ആണ്. നിലവിൽ പ്രദേശത്ത് വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവായിരിക്കുകയാണ്.
അതേസമയം തന്നെ വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ ചാകുന്നതിൽ പ്രദേശത്തെ ജനങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ വനംവകുപ്പ് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നിലവിൽ ഉയരുന്ന ആക്ഷേപം. അതേസമയം വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നത് കടുവയുടെ ആക്രമണത്തിലാണെന്നാണ് നിഗമനം. മുൻപും ഇത്തരത്തിൽ നിരവധി വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിടെ നൂറ്റി അമ്പതിലധികം പശുക്കള്‍ കൊല്ലപ്പെട്ടതായാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.