തിരുവനന്തപുരം: മാറനല്ലൂര്‍ ആസിഡ് ആക്രമണക്കേസ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പിന് പിന്നാലെ, സിപിഐ നേതാവ് എന്‍ ഭാസുരാംഗനെതിരെ സിപിഐയില്‍ നടപടി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്‍ ഭാസുരാംഗനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ആസിഡ് ആക്രമണക്കേസിലെ പ്രതി സജി കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഭാസുരാംഗന്റെ പേര് പരാമര്‍ശിച്ചിരുന്നു. സിപിഐ നേതാവും കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗന്‍ കാരണമാണ് താന്‍ ജീവനൊടുക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. അതേസമയം ഭാസുരാംഗനെതിരെ നടപടി എടുക്കുന്നതിനെ ചൊല്ലി സിപിഐ ജില്ലാ എക്സിക്യൂട്ടിവില്‍ തര്‍ക്കം ഉടലെടുത്തു. അസിസ്റ്റന്റ് സെക്രട്ടറിമാര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.
എന്‍ ഭാസുരാംഗന്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് വിലയിരുത്തി. ജില്ലാ നേതാവായ ഭാസുരാംഗനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലക്ഷങ്ങളുടെ അഴിമതിക്ക് കൂട്ടുനിന്നതായും ഇദ്ദേഹത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. വെള്ളൂര്‍ക്കോണം ക്ഷീരസംഘം പ്രസിഡന്റ് സുധീര്‍ഖാനാണ് സജികുമാറിന്റെ ആസിഡ് ആക്രമണത്തില്‍ മരിച്ചത്. ആദ്യം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു പൊള്ളലേറ്റു എന്നാണു കരുതിയത്. പിന്നീടാണ് ആസിഡ് ആക്രമണമെന്ന് സ്ഥിരീകരിച്ചത്.