തിരുവനന്തപുരം : ശ്രീനാരായണ ഗുരു പ്രതിമ ഉദ്ഘാടനത്തില്‍ തങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സി.പി.ഐ. ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ സ്മരണയ്ക്കായാണ് സംസ്ഥാന സർക്കാർ ശ്രീനാരായണഗുരു പ്രതിമ സ്ഥാപിക്കുന്നത്. 1.19 കോടി രൂപ ചെലവിൽ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിർമ്മിച്ചത്.
കേരള നവോത്ഥാനത്തിന്റെ മുൻനിര നായകനായിരുന്ന ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ തലസ്ഥാനത്ത് ഇന്ന് അനാച്ഛാദനം ചെയ്യപ്പെടുകയാണ്. ഗുരുദേവൻ ഉയർത്തി പിടിച്ച ആശയങ്ങൾ ആധുനിക കേരളത്തിൽ പ്രാവർത്തികമാക്കുന്നതിനുളള മുൻകൈ പ്രവർത്തനങ്ങൾ നടത്തിയ പ്രസ്ഥാനമാണ് സി.പി.ഐ യും പാർട്ടി ഉൾപ്പെട്ട ഗവൺമെൻ്റുകളും. എന്നാൽ സർക്കാർ പരിപാടികളിൽ സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കുന്ന പതിവുശീലം ഇക്കാര്യത്തിലും ആവർത്തിക്കപ്പെട്ടിരിക്കുകയാണ്.
ഡെപ്യൂട്ടി സ്പീക്കർ വി.ശശി, മുൻ മന്ത്രിയും സി.പി.ഐ നേതാവായ സി ദിവാകരൻ എം എൽ എ ഉൾപ്പടെയുള്ള സി.പി.ഐ ജനപ്രതിനിധികളെ ബോധപൂർവം ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ എമർജൻസി മന്ദിരത്തിന്റെയും ലൈഫ് മിഷൻ പദ്ധതി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിലും ജില്ലയിൽ വിവിധ തലങ്ങളിൽ ജനപ്രതിനിധികൾ ഉണ്ടായിട്ടും സി.പി.ഐ ജനപ്രതിനിധികളെ ഉൾപ്പെടുത്താതെ അവഗണിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്.
ഏകപക്ഷീയമായ ഇത്തരം നിലപാടുകൾ ജനാധിപത്യ വ്യവസ്ഥയിൽ ഗുണകരമല്ലെന്നും ബന്ധപ്പെട്ടവർ ഓർമിക്കേണ്ടതാണ്. ഗുരുവിന്റെ ദർശനങ്ങൾ ഉയർത്തി പിടിച്ച് നവീന കേരളം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നുളത് ചരിത്രം അടയാളപ്പെടുത്തിട്ടുണ്ട്.