കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ രാജിയും സര്‍ക്കാരിനെതിരേ ഉയര്‍ന്ന ആരോപണങ്ങളും എല്‍.ഡി.എഫിനെ ശ്വാസം മുട്ടിക്കുന്നതിനിടെ പുതുതായി മുന്നണിയിലേക്കെത്തിയ കേരള കോണ്‍ഗ്രസുമായുള്ള സീറ്റുചര്‍ച്ചകളും വഴിമുട്ടുന്നു. കോട്ടയത്താണ് സീറ്റ് വിഭജനം വഴി മുട്ടിയത്. കൂടുതല്‍ സീറ്റ് വേണമെന്ന ജോസ് പക്ഷത്തിന്റെ ആവശ്യം എല്‍.ഡി.എഫില്‍ ഘടകക്ഷികള്‍ തള്ളിയതാണ് പ്രതിസന്ധിക്ക് കാരണം.
കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ട് നല്‍കില്ലെന്നാണ് സിപിഐയുടെ നിലപാട്. സി.പി.എം സ്വന്തം അക്കൗണ്ടില്‍ നിന്ന് ഒരു സീറ്റ് ജോസ് പക്ഷത്തിന് നല്‍കിയാല്‍ മതിയെന്നാണ് സി.പി.ഐ വാദം. അവകാശപ്പെട്ട സീറ്റ് നിഷേധിച്ചാല്‍ പാലാ നഗരസഭയിലടക്കം തനിച്ച് മത്സരിക്കുമെന്ന് സി.പി.ഐ മുന്നറിയിപ്പ് നല്‍കി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടും ഈ വിഷയത്തില്‍ ചര്‍ച്ചയില്‍ പരിഹാരമായിട്ടില്ല. അതേസമയം സിപിഐയുടെ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കാനം രാജേന്ദ്രന്‍ ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
പുതുതായി മുന്നണിയിലെത്തിയ ജോസ് പക്ഷത്തിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ചാണ് കോട്ടയത്ത് ചര്‍ച്ചകള്‍ തുടരുന്നത്. മധ്യകേരളത്തില്‍ പ്രത്യേകിച്ച് കോട്ടയം ജില്ലയില്‍ നല്ല സ്വാധീനമുള്ള കേരളാ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതാണ് തലവേദന. മാരത്തണ്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഫലമൊന്നുമില്ല.