പത്തനംതിട്ട : അടൂരിൽ രണ്ടര കിലോയോളം കഞ്ചാവുമായി എഐവൈഫ് ജില്ലാ കമ്മിറ്റിയംഗവും സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജിതിൻ മോഹൻ എക്സൈസിന്റെ പിടിയിലായി. കൂടെ ഉണ്ടായിരുന്ന കൊടുമൺ സ്വദേശിയായ അനന്തു ഓടി രക്ഷപ്പെട്ടു. കൊടുമൺ സഹകരണ ബാങ്കിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമൺ എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ചതുൾപ്പടെ ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ് ജിതിൻ.
അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ അംഗമാണ്. ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടൂർ എക്സൈസ് റെഞ്ച് ഇൻസ്പക്ടർ ബിജു എൻ ബേബിയുടെ നേതൃത്വത്തിൽ നടന്ന ഓണം സ്പെഷ്യൽ ഡ്രൈവിലാണ് ജിതിൻ എക്സൈസിന്റെ പിടിയിലായത്.