കൊല്ലം: കൊല്ലത്തെ സിപിഐക്കാര്‍ക്ക് എല്ലാം മടുത്തു. സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനുമെതിരെ സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. രാജാവിനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന യാത്രകള്‍ക്കൊപ്പമുള്ളത് അകമ്പടി വാഹനങ്ങളല്ല, അഹങ്കാര വാഹനങ്ങളാണെന്ന് സിപിഐയുടെ കൊല്ലം ഘടകം പറയുന്നു. പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സിപിഐയുടെ കൊല്ലം ഘടകവും നടത്തുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് വര്‍ഷം ഒന്നു മാത്രമുള്ളപ്പോള്‍ യുഡിഎഫ് എംപിയായ പ്രമേചന്ദ്രനെ സിപിഐയുടെ കൊല്ലം ഘടകം അനുമോദിക്കുകയാണ്. മുകേഷിനേയോ ചിന്താ ജെറോമിനേയോ ഇറക്കി കൊല്ലം പാര്‍ലമെന്റില്‍ ജയിക്കാനുള്ള നടപടികളിലാണ് സിപിഐ. അതിനിടെയാണ് സിറ്റിങ് എംപിയെ സിപിഐ തന്നെ പുകഴത്തുന്നത്. ലോക്‌സഭയില്‍ മത്സരിക്കുന്നത് സിപിഎമ്മാണെങ്കിലും കൊല്ലത്ത് സിപിഐയും ഇടതു പക്ഷത്തെ ശക്തികേന്ദ്രമാണ്. അതുകൊണ്ടു തന്നെ പിണറായി ഇകഴ്‌ത്തലും പ്രേമചന്ദ്രന്‍ പുകഴ്‌ത്തലും ഇടതുപക്ഷത്ത് വലിയ ചര്‍ച്ചയാകും.
ഇത്തരം ധൂര്‍ത്തും ഏകാധിപത്യ രീതികളും കമ്യൂണിസ്റ്റുകാരനു യോജിച്ചതല്ലെന്നും വിമര്‍ശനമുയര്‍ന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ ആര്‍ ചന്ദ്രമോഹനന്‍, മന്ത്രി ജെ. ചിഞ്ചുറാണി, ആര്‍. രാജേന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ. രാജു, ആര്‍. ലതാദേവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. മന്ത്രി ചിഞ്ചു റാണി പോലും മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ രംഗത്തുണ്ടായില്ല. അവര്‍ അതിന് ശ്രമിച്ചതുമില്ലെന്നതും
രണ്ടാം പിണറായി സര്‍ക്കാര്‍ പുതുതായി ഒന്നും ചെയ്തിട്ടില്ല. പാചക വാതകത്തിനു വില വര്‍ധിപ്പിച്ചതിനെതിരെ കേന്ദ്രത്തിനെതിരെ സമരം ചെയ്യുമ്പോഴാണു ഇന്ധന സെസ് 2 രൂപ സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികളെ പട്ടിണിയിലേക്കു തള്ളിവിട്ട സര്‍ക്കാരാണിത്. കമ്യൂണിസ്റ്റ് നേതാക്കളെക്കാള്‍ കശുവണ്ടിത്തൊഴിലാളികളെ ഓര്‍മിക്കുന്നത് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയാണ്. പ്രേമചന്ദ്രനെ കശുവണ്ടിത്തൊഴിലാളികള്‍ വിശ്വാസത്തിലെടുക്കുന്നതിന്റെ നാലിലൊന്നു പോലും കമ്യൂണിസ്റ്റ് നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ല-സിപിഐ നേതാക്കള്‍ പറഞ്ഞു.
ധൂര്‍ത്തും പിന്‍വാതില്‍ നിയമനവുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. ആരോഗ്യ, വിദ്യാഭ്യാസ, ഫിഷറീസ് മേഖലകളില്‍ പിന്‍വാതില്‍ നിയമനം വ്യാപകമാണ്. ഇത്തരം ധൂര്‍ത്തിനൊപ്പമാണു യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജെറോം ഒരു ലക്ഷത്തിനു മേല്‍ ശമ്പളം ആവശ്യപ്പെടുന്നത്. സിപിഐയുടെ നേതാക്കള്‍ക്ക് നേരത്തേ പാര്‍ട്ടിയായിരുന്നു പ്രധാനം. ഇപ്പോള്‍ അതു മുന്നണിയായി മാറി. തിരുത്തല്‍ ശക്തിയായിരുന്ന പാര്‍ട്ടി ഇപ്പോള്‍ അതിന് അവധി കൊടുത്തുവെന്നും വിമര്‍ശനമുണ്ട്.