കോട്ടയം: പാലായില്‍ ജോസ് കെ. മാണി കടുത്ത മത്സരം നേരിടുന്നുവെന്ന് സിപിഐ വിലയിരുത്തല്‍ വരുമ്പോള്‍ മുന്നണിയിലെ ഘടകക്ഷിയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ജോസും പാര്‍ട്ടിയും. കോട്ടയത്ത് 6 സീറ്റുകളില്‍ എല്‍ഡിഎഫിനു മേല്‍ക്കൈ എന്നാണ് സിപിഐ പറയുന്നത്. എന്നാല്‍ പാലായില്‍ മാണി സി. കാപ്പന് എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതില്‍ മണ്ഡലത്തില്‍ അതൃപ്തിയുണ്ട്. കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലും കടുത്ത മത്സരമുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
ഇടതുമുന്നണിയിലേക്കുള്ള ജോസ് കെ.മാണിയുടെ കടന്നുവരവ് ഘടകകക്ഷികള്‍ക്ക് ആര്‍ക്കും ഒട്ടും ദഹിച്ചിട്ടില്ല. മുന്നണിയിലെ രണ്ടാമനായ സി.പി.ഐ യെ മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റിയാണ് ജോസ് കെ.മാണിയുടെ കേരളാ കോണ്‍ഗ്രസ് രണ്ടാമതെത്തിയത്. ഇടതുമുന്നണിയിലെ പലകാര്യങ്ങളിലും പിണറായി വിജയന്‍ ജോസ് കെ. മാണിയോടും അഭിപ്രായം തേടിയിരുന്നു. ഇത് സി.പി.ഐ ഉള്‍പ്പെടെയുള്ള മറ്റ് ഘടക കക്ഷികള്‍ക്ക് നീരസം ഉണ്ടാക്കി. ജോസ് കെ.മാണിയെയും കേരളാ കോണ്‍ഗ്രസിനെയും എങ്ങനെയും ഒതുക്കണം എന്ന തീരുമാനത്തില്‍ ഇവര്‍ എത്തിയതും ഇങ്ങനെയാണ്.
ഈ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ഇതനുസരിച്ച് പണി ചെയ്തിട്ടുമുണ്ട്. കെ.എം മാണിയെ കള്ളനെന്നു വിളിച്ച് ആക്ഷേപിച്ചവരുടെ കൂടെ പോയത് ജോസ്.കെ.മാണിക്ക് കനത്ത തിരിച്ചടിയാകും. പാര്‍ട്ടി ചെയര്‍മാനായ ജോസ്.കെ.മാണിയുടെ തെരഞ്ഞെടുപ്പ് പരാജയം ഇടതുമുന്നണിയിലെ അവരുടെ മേല്‍ക്കോയ്മ അവസാനിപ്പിക്കുവാന്‍ കാരണമാകും. എം.എല്‍.എ മാരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുന്നതോടെ മുന്നണിയിലെ രണ്ടാമനായ കേരള കോണ്‍ഗ്രസ് ഏറെ പിന്നിലേക്ക് പോകും. മുന്നണിയില്‍ അടിച്ചുകെട്ടി ഒതുക്കി നിര്‍ത്താനാണ് ലക്‌ഷ്യം.
തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ സിപിഐ വേണ്ടവിധത്തില്‍ സഹകരിച്ചില്ല എന്ന വിമര്‍ശനമാണ് കേരള കോണ്‍ഗ്രസ് എം മുന്നോട്ടുവെച്ചത്. കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ കുറ്റപ്പെടുത്തി. ഘടക കക്ഷികള്‍ മത്സരിച്ച ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നല്‍കിയെന്നും എന്നാല്‍ ചില പാര്‍ട്ടികള്‍ തിരിച്ച് ആ മര്യാദ കാണിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.
പാലാ അടക്കുമുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിയായിരുന്നു കേരള കോണ്‍ഗ്രസിന്റെ വിമര്‍ശനം. പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല. റാന്നിയിലും സമാന സാഹചര്യം തന്നെയുണ്ടായതായി സ്ഥാനാര്‍ത്ഥിയായ പ്രമോദ് നാരായണനും പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ ഇക്കാര്യങ്ങള്‍ ചെയര്‍മാന്‍ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.
കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തത് സിപിഎമ്മിന്റെ സമ്മര്‍ദ്ദം മൂലമല്ലെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ആവര്‍ത്തിച്ചു. എല്‍ഡിഎഫിന്റെ കെട്ടുറപ്പിനുവേണ്ടിയാണ് സീറ്റ് വിട്ട് നല്‍കിയതെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് എല്‍ഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസിന് ശക്തമായ പിന്തുണ ലഭിച്ചതായി ചെയര്‍മാന്‍ ജോസ് കെ മാണി അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തോടെ സിപിഐയ്ക്ക് പല സീറ്റുകളും നഷ്ടമായിരുന്നു. വോട്ടുകള്‍ പെട്ടിയിലായതിനുശേഷം കേരള കോണ്‍ഗ്രസ്- സിപിഐ ഭിന്നത ഇപ്പോള്‍ വീണ്ടും മറനീക്കി പുറത്തുവരികയാണ്. സീറ്റ് നഷ്ടപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് നീരസം ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട് തങ്ങള്‍ സഹകരിക്കാതിരുന്നിട്ടില്ലെന്നാണ് സിപിഐയുടെ മറുപടി.