കൊച്ചി: സിപിഎം പുറത്താക്കിയ മുന്‍ ഏരിയാ സെക്രട്ടറി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനലില്‍ മത്സര രംഗത്ത്. പിറവത്തെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ ഷാജു ജേക്കബാണ് ഇടത് പാനലില്‍ സ്ഥാനാര്‍ത്ഥി. ഇദ്ദേഹം മത്സരിക്കുന്നതിനെതിരെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നല്‍കി. ഷാജു ജേക്കബിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തിട്ടില്ലെന്നും പ്രാദേശിക ഘടകത്തിന്റെ ആവശ്യപ്രകാരമാണ് മത്സരിക്കാന്‍ അനുമതി നല്‍കിയതെന്നും സിപിഎം ജില്ല നേതൃത്വം പ്രതികരിച്ചു.
എറണാകുളം പാലക്കുഴ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് ഷാജു സ്ഥാനാര്‍ത്ഥിയായത്. എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്ക് പിടിച്ചെടുക്കാന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. പിറവം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ സിന്ധുമോള്‍ ജേക്കബിന്റെ തോല്‍വിയെ തുടര്‍ന്നാണ് മുന്‍ ഏരിയാ സെക്രട്ടറി ഷാജു ജേക്കബിനെ പാര്‍ട്ടി പുറത്താക്കിയത്. ജില്ലാ കമ്മിറ്റിയുടെ സസ്‌പെന്‍ഷന്‍ വെട്ടി സംസ്ഥാന സമിതി ഷാജുവിനെ പുറത്താക്കുകയായിരുന്നു. എന്നാല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ അനധികൃത സ്വത്ത് സമ്പാദനം അടക്കമുയര്‍ത്തിയാണ് ഷാജുവിനെ മത്സരിപ്പിക്കുന്നതിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരസ്യമായി എതിര്‍ക്കുന്നത്.