മല്ലപ്പള്ളി : മല്ലപ്പള്ളി കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ നടന്ന പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് വിജയിച്ച പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫും, വൈസ് പ്രസിഡൻറായ ജമീലാ ബീവിയും സ്ഥാനമേൽക്കുന്നതിന് തൊട്ടു മുൻപ് എസ്.ഡി.പി.ഐ പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് ഇരുവരും രാജിവെച്ചു . ഇരുവരും രാജിവെച്ചത് നാടകീയ സംഭവ വികാസങ്ങൾക്കാണ് വഴിതെളിച്ചത് .
ബുധനാഴ്ച രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും, ഉച്ചക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ പതിമൂന്ന് പേരും സന്നിഹിതരായിരുന്നു . ഇതിൽ എൽ.ഡി.എഫിന് – അഞ്ച് അംഗങ്ങളും എൻ.ഡി.എയ്ക്ക് അഞ്ച് അംഗങ്ങളും എസ്.ഡി.പി.ഐയ്ക്ക് ഒരംഗവും കോൺഗ്രസിന് ഒരംഗവും കേരളാ കോൺഗ്രസ് ജോസഫിന് ഒരംഗവുമാണ് ഉള്ളത് .
തിരഞ്ഞെടുപ്പ് നടപടികളിൽ ആരംഭിച്ചപ്പോൾ യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. രാവിലെ 11ന് നടന്ന വോട്ടെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിനു ജോസഫിന് 6 വോട്ടും, എൻ ഡി.എ.യിലെ ദീപ്തി ദാമോദരന് 5 വോട്ടും ലഭിച്ചു. ബിനു ജോസഫ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റശേഷം രാജിവെച്ചു. ഉച്ചക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എം.എ. ജമീലാബീവിക്ക് 6 വോട്ടു, എൻ.ഡി.എ.യിലെ സി.ആർ. വിജയമ്മക്ക് 5 വോട്ടും ലഭിച്ചു. എം.എ ജമീലാ ബീവി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റശേഷം രാജിക്കത്ത് നൽകുകയായിരുന്നു.
അഭിമന്യു വധക്കേസിലെ പ്രതികളിൽ ഒരാളുടെ നാടായ കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ ലഭിച്ചാൽ സ്ഥാനങ്ങൾ രാജിവെയ്ക്കുമെന്ന് എൽ.ഡി.എഫ് നേരത്തേ അറിയിച്ചിരുന്നു . ഇതോടെ വരും ദിവസങ്ങളിൽ പഞ്ചായത്തിൽ കൂടുതൽ നാടകീയ സംഭവങ്ങൾ അരങ്ങേറുമെന്നാണ് അണിയറ രഹസ്യം