തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങളില്‍ നല്‍കേണ്ട ഇളവുകളില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രാഥമിക ധാരണ. രണ്ട് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന തീരുമാനം പരമാവധി നടപ്പാക്കും. സിറ്റിംങ് എംഎല്‍എയെ മാറ്റിയാല്‍ വിജയസാധ്യതയെ ബാധിക്കുമെങ്കില്‍ വീണ്ടും അവസരം നല്‍കാനാണ് ആലോചന. കഴിഞ്ഞ തവണ മത്സരിച്ച ചില സീറ്റുകള്‍ വിട്ട് നല്‍കേണ്ടി വരുമെന്നും സിപിഎം വിലയിരുത്തി
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നാളെയും മറ്റെന്നാളുമായി നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലുണ്ടാകും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഫെബ്രുവരി 26 ന് ഇടത് മുന്നണിയുടെ ജാഥകള്‍ കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകു. സീറ്റ് വിഭജനത്തിന്റെ ചര്‍ച്ചകളും സെക്രട്ടറിയേറ്റിലുണ്ടായി.
സ്വതന്ത്രര്‍ ഉള്‍പ്പെടെ 92 സീറ്റുകളിലാണ് സിപിഎം കഴിഞ്ഞ തവണ മത്സരിച്ചത്. ഇതില്‍ നിന്ന് കുറച്ച് സീറ്റുകള്‍ പുതിയ ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് എമ്മിനും എല്‍ജെഡിയിക്കും വിട്ട് നല്‍കേണ്ടി വരുമെന്നും സിപിഎം കണക്ക് കൂട്ടുന്നുണ്ട്. വിട്ടുവീഴ്ച്ചകള്‍ക്ക് സിപിഎം നേതൃത്വം തയ്യാറായേക്കുമെന്നാണ് സൂചന . ജനാധിപത്യ കേരള കോണ്‍ഗ്രസ് അടക്കമുള്ള ചെറിയ കക്ഷികളില്‍ നിന്ന് ചില സീറ്റുകള്‍ ഏറ്റെടുക്കാനും സിപിഎം ആലോചിക്കുന്നുണ്ട്..