പത്തനംതിട്ട: രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴ നനഞ്ഞ് അവശനിലയിലും അബോധാവസ്ഥയിലുമായി കണ്ടെത്തിയ വൃദ്ധന് സിപിഐഎം പ്രവർത്തകർ തുണയായി. തുകലശേരി കൊച്ചുസംക്രമത്ത് പരമേശ്വരൻ പിള്ളയെയാണ് (67) സിപിഐഎം പ്രവർത്തകർ രക്ഷിച്ചത്. ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മാണം നടന്നു വരികയായിരുന്നു. ഫൗണ്ടേഷൻ നിരപ്പെത്തിയതേയുള്ളൂ. ഇവിടെ തന്നെ ടാർപ്പാളിൻ കൊണ്ട് ഷെഡ് വലിച്ച് കെട്ടി അവിടെയായിരുന്നു പരമേശ്വരൻ കഴിഞ്ഞിരുന്നത്. ബന്ധുക്കൾ വെൺപാലയിലുള്ള വാടക വീട്ടിൽ താമസിക്കുകയാണ്. ചുറ്റുപാടും വെള്ളമാണ്. ശക്തമായ ഒഴുക്കും. പുറത്തിറങ്ങാൻ പറ്റാത്തത് കാരണം ബന്ധുക്കൾക്കും എത്താനായില്ല.
വ്യാഴാഴ്ച രാവിലെ സമീപവാസി ജയനാണ് പരമേശ്വരൻ ചെളിയിൽ പുരണ്ടു കിടക്കുന്നത് തിരുവല്ല മുൻസിപ്പൽ കൗൺസിലർ റീനാ വിശാലിനെ അറിയിച്ചത്. കൗൺസിലർ നൽകിയ വിവരത്തെ തുടർന്ന് സിപിഐഎം കോട്ടത്തോട് ബ്രാഞ്ചംഗം ഷെമിൻ തോമസ്, ആഞ്ഞിലിമൂട് ബ്രാഞ്ചംഗം ബോബൻ പരുത്തിക്കാട്ടിൽ, തുകലശേരി ബ്രാഞ്ച് സെക്രട്ടറി വിശാൽ എന്നിവരും അവിടെയെത്തി. ഡ്രൈവർ അനീഷ് ഡിവൈഎഫ്ഐയുടെ ആംബുലൻസുമായെത്തി. തിരുവല്ല കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ തിരുവല്ല സൗത്ത് സോണൽ ചെയർമാനാണ് ബോബൻ, ഷെമിൻ നേഴ്സുമാണ്.
എല്ലാവരും ചേർന്ന് പരമേശ്വരൻ പിള്ളയെ ചൂടുവെള്ളത്തിൽ കുളിപ്പിച്ച് അയൽവാസിയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങി ഉടുപ്പിച്ച് തിരുവല്ല താലൂക്കാശുപത്രിയിലെത്തിച്ചു.