തിരുവല്ല: സി.പി.എം കവിയൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പടിഞ്ഞാറ്റുംചേരി ആനന്ദഭവനില്‍ എസ്. സതീഷിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കവിയൂര്‍ പാറയില്‍ ജിബി തോമസ് (34), കളത്തില്‍ പ്രേംകുമാര്‍ (28) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം.
മാരകായുധങ്ങളുമായി എത്തിയ സംഘം സതീഷിനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളംകേട്ട് സമീപവാസികള്‍ ഓടിക്കൂടുന്നത് കണ്ട് പ്രതികള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് തിരുവല്ല എസ്.ഐ പറഞ്ഞു.