ആലപ്പുഴ : ചില പ്രവര്‍ത്തകരില്‍ കമ്യുണിസ്റ്റുകാരെന്ന അവബോധം നഷ്ടമാകുന്നുവെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. മദ്യപാനം, റിയല്‍ എസ്റ്റേറ്റ് വ്യാപാരം, പണം പലിശയ്ക്കു കൊടുക്കല്‍, സദാചാരമൂല്യങ്ങളുടെ ശോഷണം തുടങ്ങിയവ ചില പ്രവര്‍ത്തകരില്‍ കാണുകയും തിരുത്തിക്കുകയും ചെയ്തവെന്ന് ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ തെറ്റുതിരുത്തല്‍ പ്രക്രിയ സംബന്ധിച്ച കുറിപ്പില്‍ പറയുന്നു. തെറ്റുതിരുത്തല്‍ പരിശോധന പൂര്‍ണരീതിയില്‍ എല്ലാ ഘടകങ്ങളിലും നടത്തിയിട്ടില്ലെന്നും തെറ്റായ പ്രവണത വെച്ചുപുലര്‍ത്തുന്നവര്‍ ഇപ്പോഴുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടി അംഗത്വത്തിനുള്ള സൂക്ഷ്മപരിശോധന സമയത്ത് സമര്‍പ്പിക്കുന്ന സ്റ്റേറ്റ്‌മെന്റ് വസ്തുതാപരമാണോ എന്നു കൃത്യമായി പരിശോധിക്കണം. ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സ്വത്ത് വിവരം പരിശോധിക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. സ്വത്ത് വിവരം പരിശോധിക്കാനുള്ള പ്രവര്‍ത്തനം ജാഗ്രതയോടെ നടത്തണമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ക്രിമിനല്‍ സ്വഭാവമുള്ളവരും ലഹരി മരുന്ന് മാഫിയയുമായി ബന്ധപ്പെടുന്നവരും അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നവരും വര്‍ധിച്ചുവരുന്നു. ഇത്തരക്കാരുമായി കൃത്യമായ അകലം പാലിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കന്മാര്‍ക്കും കഴിയണം. ജാതി ചിന്ത ചില പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നുണ്ട്. പാര്‍ലമെന്ററി വ്യാമോഹം പല അംഗങ്ങളിലും പ്രകടമാണ്.
പാര്‍മലെന്ററി സ്ഥാനങ്ങള്‍ക്കു പ്രാധാന്യം നല്‍കുകയും പാര്‍ട്ടിയുടെയും പോഷകസംഘടനകളുടെയും പ്രവര്‍ത്തനത്തില്‍ മുന്‍ഗണന നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത ചിലരില്‍ പ്രകടമാണെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. പാര്‍ലമെന്ററി സ്ഥാനങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും അസംതൃപ്തി പ്രകടിപ്പിക്കുന്ന സമീപനവും ചിലരില്‍ നിന്നുണ്ടാകുന്നു. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ പാര്‍ട്ടി ഉത്തരവാദിത്തം മറക്കുകയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്ന മനോഭാവമുള്ളവരും പാര്‍ട്ടിയിലുണ്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ചേര്‍ത്തലയില്‍ സിപിഐ നിര്‍ത്തിയ സ്ഥാനാര്‍ഥിക്കെതിരെ സിപിഐക്കാരുടെ ഇടയില്‍ വലിയ പ്രതിഷേധം നിലനിന്നിരുന്നു. ചേര്‍ത്തല മണ്ഡലത്തില്‍ മണ്ഡലത്തിനു പുറത്തു നിന്നുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഐക്കുള്ളില്‍ വലിയ പ്രതിഷേധമായിരുന്നു. അവസാന നിമിഷത്തിലും സജീവമാകാത്ത ഒട്ടേറെ സിപിഐ പ്രവര്‍ത്തകരുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഐക്കുള്ളില്‍ ഉണ്ടായ അഭിപ്രായവ്യത്യാസം പ്രവര്‍ത്തനങ്ങളെ നല്ല നിലയില്‍ ബാധിച്ചു. മേഖലാ- ബൂത്ത് സെക്രട്ടറിമാരായി നിശ്ചയിക്കപ്പെട്ടവരുടെ സംഘടനാപരമായ ശേഷിക്കുറവും പ്രവര്‍ത്തനങ്ങളെ ബാധിച്ചു.
സിപിഐ മത്സരിച്ച ഹരിപ്പാട് മണ്ഡലത്തില്‍ ജില്ലയുടെ വെളിയില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ഥിയെ മണ്ഡലം കണ്‍വന്‍ഷന്റെ അന്നു മാത്രമാണ് പ്രഖ്യാപിക്കാന്‍ കഴിഞ്ഞത്. സ്ഥാനാര്‍ഥിക്കു തന്നെ പ്രവര്‍ത്തിക്കാന്‍ കുറച്ചു സമയം മാത്രമേ ലഭിച്ചുള്ളൂ. കുട്ടനാട്ടില്‍ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ ഏതാനും നേതാക്കളുടെ സഹകരണം മേല്‍ത്തട്ടില്‍ മാത്രമാണു ലഭിച്ചത്. താഴെ തലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഘടകകക്ഷികളുടെ സഹകറണം പൊതുവില്‍ ലഭിച്ചിരുന്നില്ലെന്നും വിമര്‍ശനമുണ്ട്. സിപിഎമ്മിലെ ലോക്കല്‍ സെക്രട്ടറിമാരിലും ഏരിയ സെക്രട്ടറിമാരിലും ഒരു വിഭാഗത്തിന് അമിതമായ അധികാരഭ്രമമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
‘എല്‍സി സെക്രട്ടറിമാര്‍ പഞ്ചായത്ത് പ്രസിഡന്റാകാനും ഏരിയ സെക്രട്ടറിമാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകാനും പ്രത്യേകം താല്‍പര്യം കാണിക്കുന്നു. പാര്‍ലമെന്ററി സ്ഥാനങ്ങള്‍ക്കായി വല്ലാതെ ആഗ്രഹം കാണിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ഇതു പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ പ്രകടമായ തിരുത്തേണ്ട ദൗര്‍ബല്യങ്ങള്‍ എന്ന ഭാഗത്ത് പറയുന്നു. ചിലര്‍ തുടര്‍ച്ചയായി മത്സരിക്കുന്നുവെന്നും തോല്‍ക്കുന്നതു വരെ മത്സരിക്കുകയെന്ന കോണ്‍ഗ്രസ് ശൈലി സിപിഎമ്മിലും വരുന്നുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.
എംഎല്‍എ എന്ന നിലയില്‍ ആരിഫ് ഒന്നും ചെയ്തില്ല.അരൂര്‍ എംഎല്‍എയായിരുന്ന എ.എം.ആരിഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു പിന്നിലാകാന്‍ കാരണം എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാത്തതാണെന്ന് വിമര്‍ശനം. അരൂര്‍ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ഭാഗത്താണ് ഇതേക്കുറിച്ചു പറയുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തിലെ തിരിച്ചടിയെത്തുടര്‍ന്ന് പരിശോധിക്കുമ്പോഴാണ് അരൂര്‍ മണ്ഡലത്തിലെ ഗ്രാമീണ മേഖലകളില്‍ വികസന തകര്‍ച്ച കണ്ടത്.
വിവിധ ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയായിരുന്നു. അതിരൂക്ഷമായ വെള്ളക്കെട്ട് വലിയ മലിനീകരണ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി. അവയ്‌ക്കൊന്നും പരിഹാരമുണ്ടായില്ല. നിരവധി വീടുകളും വിണ്ടുകീറി വാസയോഗ്യമല്ലാതായിരുന്നു. വാസയോഗ്യമാക്കുന്നതിനു വേണ്ട പരിഹാര ശ്രമങ്ങളുണ്ടായില്ല. പീലിങ് ഷെഡുകളില്‍ നിന്നുള്ള മലിനജലം ട്രീറ്റ് ചെയ്യുന്നതിനുള്ള ഒരു നടപടിയും ആവിഷ്‌കരിച്ചിരുന്നില്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വവും എംഎല്‍എയും പാര്‍ട്ടിക്കുണ്ടായിരുന്നിട്ടും ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകാതിരുന്നത് ജനങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ട്.