ആലപ്പുഴ: സിപിഎമ്മിനെ കൂടുതല്‍ വെട്ടിലാക്കി വീണ്ടും ജി സുധാകരന്‍ പ്രതികരിച്ചു. തനിക്കു സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ സന്തോഷിക്കാന്‍ ചിലര്‍ ഹോട്ടലില്‍ ഒത്തുകൂടി മദ്യസല്‍ക്കാരം നടത്തിയെന്ന് സുധാകരന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ് വിവരം നല്‍കിയത്. അതില്‍ പല പാര്‍ട്ടികളിലുള്ളവര്‍ ഉണ്ടായിരുന്നു. അത് പൊളിറ്റിക്കല്‍ ക്രിമിനലിസമാണ്. ഒരു മൂല്യങ്ങളുമില്ലാത്ത ഒരു വിഭാഗം ഇവിടെ വളര്‍ന്നുവരികയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ച പി.കൃഷ്ണപിള്ളയുടെ സ്മാരകം പോലും ഇവിടെ തകര്‍ത്തില്ലേയെന്നും ആലപ്പുഴയിലെ മുതിര്‍ന്ന സഖാവ് ചോദിക്കുന്നു.
ആലപ്പുഴയിലെ സിപിഎമ്മില്‍ വിഭാഗീയതയുടെ വിഷയം വീണ്ടും സജീവമാകുമെന്ന സൂചനയാണ് ജി സുധാകരന്‍ നല്‍കുന്നത്. തന്നെ ഒഴിവാക്കി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രമങ്ങള്‍ വിലപോവില്ലെന്ന സൂചനയാണ് സുധാകന്‍ നല്‍കുന്നത്. ആലപ്പുഴയില്‍ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പറയുന്നു. പാര്‍ട്ടിയിലെ പൊളിട്ടിക്കല്‍ ക്രിമിനലുകള്‍ക്കെതിരെ പോരടിക്കുമെന്ന് സുധാകരന്‍ പറയുമ്പോള്‍ അത് ആലപ്പുഴ സിപിഎമ്മില്‍ ഉരുണ്ടു കൂടുന്ന വിഭാഗീയതയുടെ കൂടി തെളിവാണ്.
പാര്‍ട്ടിയില്‍ ജി.സുധാകരനെതിരെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല. ഇടതുപക്ഷ പാര്‍ട്ടികളിലുള്‍പ്പെടെ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ കടന്നുകൂടിയിട്ടുണ്ട്. അവര്‍ എന്നെ ആക്രമിക്കുന്നുവെന്നാണു പറഞ്ഞതെന്നും വിശദീകരിക്കുന്നു. അതായത് സുധാകരനെ പാര്‍ട്ടിയില്‍ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കുകയാണ് സുധാകരന്‍. ‘വീടു പണി കഴിഞ്ഞപ്പോള്‍ ആശാരിയെ പുറത്താക്കി’ എന്നു പറയാനുണ്ടായ സാഹചര്യവും സുധാകരന്‍ വീണ്ടും വിശദീകരിക്കുന്നു. അമ്പലപ്പുഴയില്‍ ഞാന്‍ മത്സരിച്ച തെരഞ്ഞെടുപ്പിനെക്കാള്‍ പ്രവര്‍ത്തനം ഇത്തവണ നടത്തിയിട്ടുണ്ട്. 3 ദിവസം കൊണ്ട് 38 മണിക്കൂര്‍ സംഘടനാ കമ്മിറ്റികളില്‍ പങ്കെടുത്തു. 3 ദിവസം ജീപ്പില്‍ പര്യടനം നടത്തി. ഞാന്‍ അവസാനം വരെ പ്രവര്‍ത്തിച്ചിട്ടും അതുണ്ടായില്ലെന്നു വാര്‍ത്ത വന്നതിനെപ്പറ്റിയാണ് അങ്ങനെ പറഞ്ഞതെന്നാണ് ചോദ്യത്തിനുള്ള മറുപടി.
ജി.സുധാകരന്‍, തോമസ് ഐസക് തുടങ്ങി സംസ്ഥാന സര്‍ക്കാരിന് മികച്ച പ്രതിഛായ ഉണ്ടാക്കിയ മന്ത്രിമാരെ മാറ്റി നിര്‍ത്തുമെന്നു പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് കരുതലോടെയാണ് മറുപടി. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന തീരുമാനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതായിരുന്നു. അതിനാല്‍ അതേപ്പറ്റി നേരത്തെ അറിയാമായിരുന്നു. അതില്‍ ഇളവു നല്‍കുന്ന കാര്യം സംസ്ഥാന കമ്മിറ്റിക്കു തീരുമാനിക്കാമെന്നായിരുന്നു ധാരണ. ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലാ കമ്മിറ്റികള്‍ ഇളവ് നല്‍കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും സംസ്ഥാന കമ്മിറ്റി തീരുമാനത്തില്‍ ഉറച്ചു നിന്നുവെന്ന് സുധാകരന്‍ പറയുന്നു.
കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെതിരെ എ.എം.ആരിഫ് എംപി നടത്തിയ പ്രസംഗവും മന്ത്രിയുടെ ചിത്രമുള്ള പോസ്റ്റര്‍ കീറി എംപിയുടെ പോസ്റ്റര്‍ ഒട്ടിച്ചതും വിവാദമായല്ലോ എന്ന ചോദ്യത്തിനും ഉണ്ട് മറുപടി. എംപിയുടെ പ്രസംഗത്തെപ്പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. ആ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരണം നല്‍കിയല്ലോ. അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയതാണ് പ്രശ്‌നമായത്. ആരിഫ് അല്ല പോസ്റ്റര്‍ കീറിയത്. ആരിഫ് പോസ്റ്റര്‍ അച്ചടിച്ചത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നു ജില്ലാ സെക്രട്ടറി തന്നെ പറഞ്ഞു കഴിഞ്ഞു – സുധാകരന്‍ പറയുന്നു.
1996 ല്‍ കായംകുളം എംഎല്‍എ ആയ ഞാന്‍ അവിടെ വലിയ വികസനങ്ങള്‍ നടത്തി. എന്നിട്ടും 2001 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ചില മുന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ എനിക്കെതിരെ പ്രവര്‍ത്തിച്ചു. പാര്‍ട്ടി സഖാക്കള്‍ കാലുവാരികളാണ് എന്നല്ല പറഞ്ഞത്. കായംകുളത്തു കാലുവാരികള്‍ ഉണ്ടെന്നാണ്. സിപിഎമ്മിലെ തലമുറ മാറ്റമെന്ന വാദത്തേയും സുധാകരന്‍ പരിഹസിക്കുന്നു. തലമുറ മാറ്റം എന്നല്ല പറയേണ്ടത്. എട്ടോ പത്തോ വയസ്സിന്റെ വ്യത്യാസമുള്ളവര്‍ മാറി വരുന്നതാണതാണോ തലമുറ മാറ്റം? പുതിയ തലമുറയും പഴയ തലമുറയും ചേരുന്നതാണ് പാര്‍ട്ടി. തലമുറമാറ്റമാണെങ്കില്‍ പ്രായമായവരെ തല്ലിക്കൊല്ലാന്‍ കഴിയുമോ? ഇഎംഎസും എകെജിയും മരണം വരെ പാര്‍ട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്നില്ലേ-സുധാകരന്‍ ചോദിക്കുന്നു.
ഞാന്‍ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കും. താല്‍പര്യമില്ലെന്നു പറഞ്ഞു 2 തവണ സംസ്ഥാന സെക്രട്ടറിയറ്റ് അംഗത്വം ഒഴിഞ്ഞയാളാണ് ഞാന്‍. ഇനി എന്റെ മനസ്സിനു കൂടിയിണങ്ങുന്ന ചുമതല ഏറ്റെടുക്കണമെന്നാണ് ആഗ്രഹം. നിയമസഭാ തെരഞ്ഞെടുപ്പിന് 5 വര്‍ഷവും ലോക്‌സഭാ തെരഞ്ഞെടുപ്പിന് 3 വര്‍ഷവുമുണ്ട്. അതേപ്പറ്റി ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. എനിക്ക് ഒരു മോഹവുമില്ലെന്നും സുധാകരന്‍. .